സംഭവം നടന്ന് രണ്ടര മാസത്തിനു ശേഷം ഐഎസ്ആര്‍ഒ അക്കാര്യം ഔദ്യോഗികമായി അംഗീകരിച്ചു. ചന്ദ്രയാന്‍ 2 വിന്റെ വിക്രം ലാന്റര്‍ ചാന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതു തന്നെ. ബഹിരാകാശ വകുപ്പിനോട് ലോക്‌സഭയില്‍ ഉന്നയിച്ച ഒരു ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് പ്രധാനമന്ത്രിയുടെ ഓഫിസിലെ സഹമന്ത്രി ജിതേന്ദ്ര സിങ് ഇക്കാര്യം അറിയിച്ചത്.
സെപ്റ്റംബര്‍ 7 ന് ചന്ദ്രനില്‍ വിക്രം ഇടിച്ചിറങ്ങുകയായിരുന്നെന്നത് ഒരു രഹസ്യമായിരുന്നില്ല. ചന്ദ്രന് 2 കിലോമീറ്റര്‍ അകലെ വച്ച് ലാന്ററിന് വേഗതയുടെ നിരക്ക് ആവശ്യമായ അളവിലേക്ക് കുറച്ചുകൊണ്ടുവരാനായില്ലെങ്കില്‍ ഇതല്ലാതെ മറ്റൊന്നും സംഭവിക്കാനുമിടയില്ല. പക്ഷേ, ഇതുസംബന്ധിച്ച ചോദ്യത്തില്‍ നിന്ന് ഐഎസ്ആര്‍ഒ ഇതുവരെ ഒഴിഞ്ഞുമാറുകയായിരുന്നു.
ചാന്ദ്രോപരിതലത്തില്‍ 355 മീറ്റര്‍ മുകളില്‍ വച്ച് കണ്‍ട്രോള്‍ റൂമുമായി നിയന്ത്രണം നഷ്ടമാകുകയായിരുന്നെന്നും അത് പുനസ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു മറുപടി. മാത്രമല്ല, ചന്ദ്രയാന്റെ ഓര്‍ബിറ്റര്‍ മോഡ്യൂള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കന്നുവെന്നും ഐഎസ്ആര്‍ഒ അവകാശപ്പെട്ടു. ഓര്‍ബിറ്റര്‍, വിക്രമിന്റെ തെര്‍മല്‍ ചിത്രങ്ങള്‍ എടുത്തതായും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ലാന്ററിന് എന്ത് സംഭവിച്ചുവെന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഇതാദ്യമായാണ് ലാന്റര്‍ ഇടിച്ചിറങ്ങുകയായിരുന്നെന്ന് ഐഎസ്ആര്‍ഒ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
സെപ്റ്റംബര്‍ 7 ന് അതിരാവിലെ ബഹിരാകാശവാഹനത്തില്‍ നിന്ന് വേര്‍പ്പെട്ട വിക്രം ലാന്റര്‍ ചന്ദ്രനിലേക്കുള്ള വീഴ്ച ആരംഭിച്ചു. വേഗത കുറച്ചാല്‍ മാത്രമേ ലാന്ററിന് മൃദുവായി ഇറങ്ങാനാവൂ. മണിക്കൂറില്‍ 6000 കിലോമീറ്റര്‍ എന്നതില്‍ നിന്ന് വേഗത മണിക്കൂറില്‍ 5-7 കിലോമീറ്ററായി ചുരുക്കണം. ചാന്ദ്രോപരിതലത്തില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലെ വരെ കാര്യങ്ങള്‍ ശരിയായി പ്രവര്‍ത്തിച്ചു. വേഗത കുറഞ്ഞുവന്നു. പക്ഷേ, ഉപരിതലത്തില്‍ നിന്ന് 355 മീറ്റര്‍ അകലെ വച്ച് ബന്ധം വിച്ഛേദിക്കപ്പെട്ടു. ആ സമയത്തെ വിക്രം ലാന്ററിന്റെ വേഗത മണിക്കൂറില്‍ 200 കിലോമീറ്ററായിരുന്നു. ഐഎസ്ആര്‍ഒ നിര്‍മ്മിച്ച രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമാണ് ചാന്ദ്രയാന്‍ 2.