അയോധ്യയും രാമക്ഷേത്രവും രാഷ്ട്രീയം പറയുന്ന ഉത്തര്‍പ്രദേശിന്റെ മണ്ണില്‍ കാന്‍ഷി റാം അവശേഷിച്ച് പോയ ദളിത് രാഷ്ട്രീയത്തിന്റെ പുതിയ വിത്തുകള്‍ പാകി രാവണനെ മുന്നില്‍ നിര്‍ത്തിയാണ് ചന്ദ്രശേഖര്‍ ആസാദ് ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയായത്. നാഗിനയില്‍ ബിജെപിയുടെ വോട്ട് വിഹിതം 36 ശതമാനമാക്കി കുറയ്ക്കാന്‍ ആസാദിനായി. 2019ല്‍ ബിഎസ്പിയുടെ ഗിരീഷ് ചന്ദ്ര 1.66 ലക്ഷം വോട്ടിന് വിജയിച്ച മണ്ഡലത്തിലാണ് ആസാദിന്റെ മിന്നുന്ന വിജയം. നാഗിനയിലെ ജനസംഖ്യയുടെ 20 ശതമാനം ദളിതരും 40 ശതമാനം മുസ്ലീങ്ങളും ബാക്കി ശതമാനം താക്കൂര്‍,ജാട്ട്,ചൗഹാന്‍,രജപുത്രര്‍,ത്യാഗി,ബനിയ വിഭാഗക്കാരുമാണ്. ആദ്യഘട്ടത്തില്‍ എസ്പിയുമായി സഖ്യം ചെയ്യാനാണ് ശ്രമിച്ചതെങ്കിലും ആസാദ് പിന്നീട് ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു.
36കാരനായ നിയമ ബിരുദധാരിയായ ചന്ദ്രശേഖര്‍ ആസാദ് 2015ലാണ് അംബേദ്ക്കറുടെയും കാന്‍ഷി റാമിന്റെയുമെല്ലാം ദളിത് രാഷ്ട്രീയം മുന്നില്‍ നിര്‍ത്തി ഭീം ആര്‍മി രൂപീകരിക്കുന്നത്. 2017 ല്‍ സഹരന്‍പൂര്‍ ജില്ലയിലെ താക്കൂര്‍ സമുദായവുമായുള്ള സംഘര്‍ഷത്തില്‍ ദലിതര്‍ക്കായി ശബ്ദമുയര്‍ത്തിയതോടെയാണ് ആസാദ് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. അന്ന് ആസാദിനെ ദേശീയ സുരക്ഷാ നിയമം ചുമത്തി ജയിലടച്ചു. 2018 സെപ്റ്റംബറില്‍ ജയില്‍ മോചിതനായ ആസാദ് സിഎഎയ്‌ക്കെതിരായ സമരങ്ങളുടെ മുന്‍പന്തിയിലുണ്ടായിരുന്നു. 2022ലെ നിയമസഭാ തിരെഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെതിരെ ഗോരഖ്പൂരില്‍ മത്സരിച്ചെങ്കിലും നാലാം സ്ഥാനത്തായിരുന്നു.