ഡിസംബര്‍ മുതല്‍ സ്‌ക്കൂള്‍ കാന്റീനുകളിലും ബോര്‍ഡിംഗ് സ്‌ക്കൂളുകളിലും ജങ്ക് ഫുഡുകള്‍ക്ക് നിരോധനം. കോള, ചിപ്‌സ്, ബര്‍ഗര്‍, സമൂസ, പാക്കുകളില്‍ വിതരണം ചെയ്യുന്ന പാനീയങ്ങള്‍ എന്നിവക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എകണോമിക് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം ജങ്ക് ഫുഡുകളുടെ പരസ്യം ചെയ്യാനോ സ്‌ക്കൂളുകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ ജങ്ക് ഫുഡുകള്‍ വില്‍ക്കാനോ പാടില്ലെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ചട്ടത്തില്‍ പറയുന്നത്. ഇത്തരം വസ്തുക്കളുടെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി.
സ്‌കൂളുകളിലും പരിസരത്തും അനാരോഗ്യകരമായ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും നിരോധിക്കുന്ന 10 പോയിന്റ് ചാര്‍ട്ടറാണ് ചട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍ അല്ലെങ്കില്‍ കോള, ചിപ്‌സ്, നൂഡില്‍സ്, മറ്റ് പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവ സ്‌കൂളുകളില്‍ വില്‍ക്കുന്നത് നിരോധിച്ചിരിക്കുന്നു. കുട്ടികള്‍ക്കായി മെനു തയ്യാറാക്കാന്‍ സഹായിക്കുന്നതിന് പോഷകാഹാര വിദഗ്ധരെയും ഡയറ്റീഷ്യന്‍മാരെയും നിയമിക്കാന്‍ സ്‌ക്കൂളുകളോട് ആവശ്യപ്പെടണം എന്നിവയും ചട്ടത്തില്‍ പറയുന്നുണ്ട്.