ജങ്ക് ഫുഡിന് അടിമയാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾക്ക് വിഷാദരോഗമുണ്ടാകാം

ശനി, 8 ജൂണ്‍ 2019 (16:36 IST)
പിസ, ബർഗർ, ചിപ്‌സ് എന്നിങ്ങനെയുള്ള ജങ്ക് ഫുഡുകൾ നമ്മുടെ ഭക്ഷണ മെനുവിൽ ഇടംപിടിച്ച് തുടങ്ങിയിട്ട് നാളേറെയായി. ഇത്തരം ഭക്ഷണം കഴിക്കുന്നത് കൊഴുപ്പ് നിങ്ങളുടെ മസ്തിഷ്‌ക്കത്തിലേക്ക് കടത്തിവിടുകയും വിഷാദരോഗത്തിന് കാരണമാക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകർ. ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാകുന്നത്. രക്തചംക്രമത്തിലൂടെയാണ് ഇത് മസ്തിഷ്‌കത്തിലേക്ക് പ്രവേശിക്കുന്നതെന്നാണ് ഗവേഷകർ സൂചിപ്പിക്കുന്നത്.
 
ഇത് നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമായ ഹൈപ്പോഥലോമസിൻറെ പ്രവർത്തനത്തെ ബാധിക്കുകയും വിഷാദരോഗ ലക്ഷണങ്ങൾ വർദ്ധിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.
 
എലികളിൽ ഗവേഷണം നടത്തിയപ്പോൾ ലഭിച്ച കണ്ടെത്തലുകൾവെച്ച് വിഷാദരോഗവും പൊണ്ണത്തടിയും തമ്മിലുള്ള ബന്ധം വിശദീകരിക്കാനാകുമെന്ന് ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നു. പൊണ്ണത്തടി ഉള്ളവരിൽ ആന്റിഡിപ്രസെന്റ് ചെലുത്തുന്ന സ്വാധീനം വളരെ കുറവാണ്. അമിത രക്തസമ്മർദ്ദവും പൊണ്ണത്തടിയുമുള്ള വ്യക്തികൾക്ക് അനുയോജ്യമായ പുതിയ ആന്റീഡിപ്രസന്റ് മരുന്നുകൾ കണ്ടുപിടിക്കുന്നതിന് ഈ പഠനം സ്വാധീനിച്ചേക്കാം എന്നാണ് ഗവേഷകകരുടെ നിഗമനം.
 
വിഷാദരോഗവുമായി ബന്ധപ്പെട്ട് തലച്ചോറിലെ സിഗ്‌നലിങ് പ്രദേശങ്ങളിൽ ഉയർന്ന കൊഴുപ്പ് ഡയറ്റുകളുടെ പ്രത്യക്ഷ ഫലങ്ങളെക്കുറിചുള്ള ആദ്യത്തെ കണ്ടെത്തലാണ് ഇതെന്നാണ് ഗ്ലാസ്‌ഗോ സർവകലാശാലയിലെ പഠനത്തിന് നേതൃത്വം വഹിച്ച പ്രൊഫസർ ജോർജ്ജ് ബെയ്‌ലി പറയുന്നത്.
 
വിഷാദരോഗം എങ്ങനെ ഉണ്ടാകുന്നു, എന്തുകൊണ്ട് പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്നു, ഈ അവസ്ഥകളിൽ രോഗികളെ എങ്ങനെ ചികിത്സിക്കാം എന്ന് ഈ പഠനത്തിലൂടെ വ്യക്തമാകുന്നുണ്ട്.
 
ഡിപ്രെഷനിൽ നിന്നും മോചനം നേടുവാനായി നാം പലപ്പോഴും കൊഴുപ്പുള്ള ഭക്ഷണം കഴിച്ച് ആനന്ദം കണ്ടെത്തുന്ന ശീലമുള്ളതായി കണ്ടുവരുന്നുണ്ട്. എന്നാൽ ഇത് നമ്മുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. കൊഴുപ്പ് നിറഞ്ഞ ആഹാരം കുറക്കുന്നത് ആരോഗ്യസംരക്ഷണത്തിനും സന്തോഷം വർധിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍