ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ എന്ത് നടപടിയെടുത്തു?; മോദിസർക്കാരിന് സുപ്രീംകോടതി നോട്ടീസ്

വെള്ളി, 26 ജൂലൈ 2019 (16:04 IST)
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാറിനും 10 സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാറിനും ദേശീയ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്.
 
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാറുകള്‍ നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് പരമോന്നത കോടതിയുടെ നടപടി. രാജ്യത്ത് തുടരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും തടയുന്നതിന് സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. കൂടാതെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നിയമനിര്‍മാണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ വീണ്ടും സുപ്രീംകോടതി സമീപിച്ചത്.
 
രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ കഴിഞ്ഞദിവസം 49 പ്രമുഖ വ്യക്തികള്‍ കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും 62 പേരടങ്ങുന്ന മറ്റൊരു സംഘവും കത്തെഴുതി. ഇതിനിടയിലാണ് ആള്‍ക്കൂട്ട ആക്രമണ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
 
മുസ്ലിങ്ങളെയും ദളിതരെയും കൂട്ടംചേര്‍ന്നു ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന പ്രവണത അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ടാണ് ചലച്ചിത്ര, സാഹിത്യമേഖലയിലെ പ്രമുഖര്‍ ചേര്‍ന്ന് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്നകത്തയച്ചത്. എതിരഭിപ്രായമില്ലാതെ ജനാധിപത്യമില്ലെന്നു ചൂണ്ടിക്കാട്ടി രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, രേവതി, അനുരാഗ് കശ്യപ്, അപര്‍ണാ സെന്‍, കൊങ്കണാ സെന്‍, സൗമിത്ര ചാറ്റര്‍ജി തുടങ്ങി 49 പേരാണ് കത്തില്‍ ഒപ്പിട്ടിരുന്നത്. ‘ജയ് ശ്രീറാം’ എന്നത് ഇപ്പോള്‍ യുദ്ധപ്രഖ്യാപനമായി മാറിയെന്നു കത്തില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍