പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കില്ല; അഭയ കേസ് പ്രതികളുടെ ഹര്‍ജി തള്ളി സുപ്രീംകോടതി
തിങ്കള്‍, 15 ജൂലൈ 2019 (18:49 IST)
സിസ്‌റ്റര്‍ അഭയ കേസിൽ പ്രതികളുടെ വിടുതല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫാദര്‍ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ നൽകിയ ഹര്‍ജിയാണ് തള്ളിയത്.
പ്രതികളെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കേണ്ട പ്രത്യേക സാഹചര്യം ഇല്ലെന്നും വിചാരണ നേരിടണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പ്രതികളുടെ ആവശ്യം വിചാരണകോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. ഇതോടെയാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്.
കേസില്‍ ഒന്നാം പ്രതിയാണ് ഫാദര്‍ തോമസ് എം കോട്ടൂര്‍, സെഫി മൂന്നാം പ്രതിയും. രണ്ടാം പ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിനെയും നാലാം പ്രതി മൈക്കിളിനെയും നേരത്തേ കേരളാ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
1992 മാർച്ച് 27 ന് സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ട കേസിലാണ് വിചാരണ. അഭയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം കിണറ്റിൽ തളളി എന്ന കുറ്റത്തിനാണ് ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടുന്നത്.