നോക്കാനാളില്ല, ചത്തത് 71 പശുക്കള്‍; ഉദ്യോഗസ്ഥരെ ശിക്ഷിച്ച് യോഗി ആദിത്യനാഥ്

തിങ്കള്‍, 15 ജൂലൈ 2019 (12:24 IST)
ഉത്തർപ്രദേശിൽ പശുക്കളുടെ കൂട്ടത്തോടെ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എട്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. മിര്‍സാപുരിലെ ചീഫ് വെറ്റെനറി ഓഫീസര്‍ അടക്കമുള്ളവരെയാണ് നടപടി. ഒരു ജില്ലാ കളക്ടറടക്കം മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.

ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്ക് ഗോവധ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കോപാകുലനായ യോഗി ആദിത്യനാഥ് വീഡിയോ കോൺഫറൻസിലൂടെ ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ടു. ഗോശാലകള്‍ ശരിയായ വിധം സംരക്ഷിച്ചില്ലെങ്കില്‍ ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഗ്രാമപഞ്ചായത്ത് ഓഫീസർ, അയോധ്യ മുൻസിപ്പാലിറ്റി ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസർ, ഡപ്യൂട്ടി ചീഫ് വെറ്റിനറി ഓഫീസർ, മിർസപുർ ജില്ലയിലെ ചീഫ് വെറ്റിനറി ഓഫീസർ ഡോ.എ.കെ സിംഗ്, നഗർ പാലിക എക്‌സിക്യൂട്ടീവ് ഓഫീസർ മുകേഷ് കുമാർ, മുൻസിപ്പാലിറ്റി സിറ്റി എഞ്ചിനിയർ രാംജി ഉപാദ്ധ്യായ് എന്നിവർക്കും മറ്റ് രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെയാണ് നടപടി.

അയോധ്യയിലെ ഗോശാലകളില്‍ പശുക്കളുടെ ജഡം അനാഥമായി കിടക്കുന്ന വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മിര്‍സാപുരിലേയും അയോധ്യയിലേയും ഗോശാലകളിലെ 71 പശുക്കളാണ് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ചത്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍