കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നവംബര്‍ ഒമ്പതിന്

Webdunia
വ്യാഴം, 6 നവം‌ബര്‍ 2014 (18:17 IST)
കേന്ദ്ര മന്ത്രിസഭ പുനഃസംഘടന നവംബര്‍ 9നാണെന്ന് സൂചന. ഇതു സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി പ്രധാന മന്ത്രി നരേന്ദ്ര മോഡി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നവംബര്‍ 11ന് മൂന്ന് ദിവസത്തെ വിദേശ പര്യടനത്തിനായി യാത്രതിരിക്കുന്നതിന് മുന്‍പ് തന്നെ മന്ത്രിസഭ പുനസംഘടനയുണ്ടാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നിലവില്‍ രണ്ടു വകുപ്പികല്‍ കൈകാര്യം ചെയ്യുന്ന അരുണ്‍ ജെയ്റ്റ്ലി, നിതിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവ്ദേക്കര്‍ എന്നിവരില്‍ നിന്ന് ഒരോ  വകുപ്പുകള്‍ എടുത്തു മാറ്റും. അരുണ്‍ ജെയ്റ്റ്ലി ധനകാര്യവും പ്രതിരോധ വകുപ്പുമാണ് നല്‍കിയിരുന്നത്. ജയ്റ്റ്ലിയില്‍ നിന്ന് പ്രതീരോധം നിലവിലെ ഗോവ മുഖ്യ മന്ത്രി മനോഹര്‍ പരീക്കറിന് നല്‍കിയേക്കുമെന്നാണ് സൂചന.

ഗ്രാമവികസന മന്ത്രാലയത്തിന് പുതിയ മന്ത്രിയെ കണ്ടെത്തും. ഗ്രാമവികസന വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി ഗോപിനാഥ് മുണ്ടെ റോഡപകടത്തില്‍ മരിച്ചതോടെ ഈ വകുപ്പ് നിതിന്‍ ഗഡ്കരിയാണ് ഏറ്റെടുത്തിരുന്നത്. ഈ വകുപ്പ് കൂടാതെ റോഡ് ഗതാഗതവും നിതിന്‍ ഗഡ്കരി കൈകാര്യം ചെയ്യുന്നുണ്ട്.

ജെയ്റ്റ്‌ലിയേയും ഗഡ്കരിയേയും കൂടാതെ ഈരണ്ട് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിമാര്‍ വേറെയുമുണ്ട്. രവിശങ്കര്‍ പ്രസാദ് (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും നിയമവും), പ്രകാശ് ജവാദേക്കര്‍ (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ്, പരിസ്ഥിതി) എന്നിങ്ങനെയാണ് ഇവരുടെ വകുപ്പുകള്‍.

യശ്വന്ത് സിന്‍ഹയുടെ മകന്‍ ജയന്ത് സിന്‍ഹ, ഹന്‍സ് രാജ് അഹിര്‍ എന്നീ പുതുമുഖങ്ങളും, ബിജെപിയുടെ ന്യൂനപക്ഷമുഖങ്ങളിലൊന്നായ മുക്താര്‍ അബ്ബാസ് നഖ്‌വിയും മന്ത്രിമാരാകുമെന്നാണ് സൂചന. ആകെ പത്തുമന്ത്രിമാര്‍ പുതിയതായി മന്ത്രിസഭയില്‍ ചേര്‍ന്നേക്കുമെന്നും സൂചനകളുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.