സിബിഐ ഡയറക്ടറായി അനില്‍കുമാര്‍ സിന്‍ഹ നിയമിതനായി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ അര്‍ധരാത്രിയോടെയാണ് സിന്‍ഹയുടെ പേരു പ്രഖ്യാപിച്ചത്. രണ്ടുവര്‍ഷത്തേക്കാണു നിയമനം. സിബിഐ ഡയറക്ടറായിരുന്ന രഞ്ജിത് സിന്‍ഹ വിരമിച്ച ഒഴിവിലാണ് അനില്‍കുമാറിന്റെ നിയമനം.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരടങ്ങിയ സമിതിയാണ് പുതിയ ഡയറക്ടറെ തെരഞ്ഞെടുത്തത്. രഞ്ജിത് സിന്‍ഹയുടെ പിന്‍ഗാമിക്കായി മൂന്നുപേരുടെ പാനല്‍ തയാറാക്കിയിരുന്നുവെന്നാണു സൂചന. എന്നാല്‍ അനില്‍കുമാറിന്റെ കാര്യം സമിതി നേരത്തെര്‍ തീരുമാനമെടുത്തിരുന്നു.
പുതിയ ലോക്പാല്‍ നിയമപ്രകാരം സിബിഐ തലപ്പത്തുള്ള ആദ്യ നിയമനമാണിത്. മുന്‍പു കേന്ദ്ര വിജിലന്‍സ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശപ്രകാരമാണു നിയമനം നടത്തിയിരുന്നത്.
നിലവില്‍ സിബിഐയുടെ സ്പെഷല്‍ ഡയറക്ടറായിരുന്ന അനില്‍കുമാര്‍, 1979 ബാച്ച് ബിഹാര്‍ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. നേരത്തെ ചീഫ് വിജിലന്‍സ് കമ്മിഷനില്‍ അഡീഷനല്‍ സെക്രട്ടറിയായിരുന്നു. എസ്പിജി (സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) ഐജിയായും സേവനമനുഷ്ഠിച്ചു.