കൈക്കൂലി: കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരിക്കെതിരെ കേസെടുത്തു

Webdunia
ശനി, 21 മാര്‍ച്ച് 2015 (12:52 IST)
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എംപിയുമായ രേണുക ചൗധരിക്കെതിരേ കൈക്കൂലി വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍  പൊലീസ് കേസെടുത്തു. അസംബ്ലി സീറ്റ്‌ വാഗ്‌ദാനം നല്‍കി റാംജി എന്ന പാര്‍ട്ടി അംഗത്തിന്റെ പക്കല്‍ നിന്നും ചൗധരി ഒരു കോടി പത്ത് ലക്ഷം രൂപ വാങ്ങിയെന്നാണ്‌ രേണുകയ്ക്കെതിരായ പരാതി. റാംജിയുടെ ഭാര്യയാണ് പരാതിയുമായി രംഗത്തെത്തിയത്.
 
ഹൈദരാബാദ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്.
പണം വാങ്ങിയ ശേഷം സീറ്റ്​ നല്‍കാതിരിന്നുവെന്നും പണം തിരികെ ചോദിച്ചപ്പോള്‍ രേണുക തന്നെ അധിക്ഷേപിച്ചതായും ഭാര്യ പരാതിയില്‍ പറയുന്നു. എന്നാല്‍  തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ചൗധരി നിഷേധിച്ചു. ആരോപണം വിചിത്രമാണെന്നും നിയമപരമായി നേരിടുമെന്നും രേണുക ചൌധരി പറഞ്ഞു, കോടതി പരിഗണനയിലുള്ള കേസായതിനാല്‍ പ്രതികരിക്കുന്നില്ലെന്നും ചൌധരി പറഞ്ഞു.