മദ്യപിച്ച് വാഹനമോടിച്ച് വാഹനപരിശോധനയ്ക്ക് വിധേയയാകാന്‍ വിസമ്മതിച്ച യുവതി കാർ പൂട്ടി മണിക്കൂറുകളോളം അകത്തിരന്നതോടെ പൊലീസ് വെട്ടിലായി. ബാന്ദ്രയ്ക്കടുത്ത് കഴിഞ്ഞ രാത്രിയിലാണ് സംഭവം. മദ്യപിച്ചിട്ടുണ്ടെന്ന സംശയത്തില്‍ പരിശോധനയ്ക്ക് വിധേയയാകാന്‍ പൊലീസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് യുവതി സ്വയം കാറിനുള്ളില്‍ പൂട്ടിയിരിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം ഉച്ചത്തിൽ സംഗീതവും ആസ്വദിച്ച് കൊണ്ടായിരുന്നു ഇവരുടെ ഇരുപ്പ്. ഇതിനിടെ ഇവര്‍ പോലീസുകാരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒടുവില്‍ കാറിന്റെ ചില്ല് തകര്‍ത്താണ് യുവതിയെ പൊലീസ് പിടികൂടിയത്. കാറിനുളളിൽ നിന്ന് പുറത്തേക്കിറക്കിയപ്പോള്‍ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസിനെയും സംഭവം പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെയും ഇവര്‍ വെറുതെ വിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും യുവതി അസഭ്യവര്‍ഷം നടത്തി.
മദ്യപിച്ച് വാഹനമോടിച്ചതിനും പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനും യുവതിക്കെതിരെ പൊലീസ് കേസെടുത്തു.പിഴ ഈടാക്കിയ ശേഷമാണ് യുവതിയെ വിട്ടയച്ചത്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് മദ്യപിച്ച വാഹമനമോടിച്ച രണ്ട് പേര്‍ മരണപ്പെട്ടിരുന്നു. ഇതേത്തുടർന്ന് നഗരത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.