കാറപകടക്കേസ് വഴിത്തിരിവിലേക്ക്, കാറോടിച്ചിരുന്നത് ഹേമാമാലിനിയെന്ന് ദൃക്‌സാക്ഷികള്‍

Webdunia
വെള്ളി, 3 ജൂലൈ 2015 (19:09 IST)
നാലുവയസുകാരിയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കാർ ഓടിച്ചിരുന്നത് നടിയും ബിജെപി എംപിയുമായ ഹേമമാലിനിയാണെന്ന് ദൃക്സാക്ഷികൾ. സംഭവസമയത്ത് ഹേമമാലിനി മദ്യപിച്ചിരുന്നുവെന്നും ഇവർ പറയുന്നു.  

സംഭവത്തിൽ ഹേമമാലിനിയുടെ ഡ്രൈവർ മഹേഷ് താക്കൂറിനെ പൊലീസ് അറസ്റ്റു ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് വാഹനമോടിച്ചത് ഹേമമാലിനിയാണെന്ന വെളിപ്പെടുത്തലുകളുമായി ദൃക്സാക്ഷികൾ രംഗത്തെത്തിയിരിക്കുന്നത്.

ഹേമമാലിനിയുടെ മുഖത്തുണ്ടായ മുറിവ് സ്റ്റിയറിങ്ങിൽ ഇടിച്ചുണ്ടായതാണെന്ന് ഇന്നലെ തന്നെ ആക്ഷേപങ്ങൾ ഉണ്ടായിരുന്നു. അപകടമുണ്ടായ സമയത്ത് കാർ അമിത വേഗതയിൽ ആയിരുന്നുവെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കേസ് ഒതുക്കിത്തീർക്കുന്നതിന് പൊലീസ് ശ്രമിക്കുന്നതായും പരാതി ഉണ്ട്.

ഇന്നലെ രാത്രി രാജസ്ഥാനിലെ ദൗസായിൽ ഹേമമാലിനി സഞ്ചരിച്ചിരുന്ന മെഴ്സിഡീസ് ബെന്‍സ് ഓൾട്ടോ കാറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ നാലു വയസുള്ള കുട്ടി മരിച്ചിരുന്നു. ആഗ്രയിൽനിന്നു ജയ്പൂരിലേക്കുള്ള യാത്രാമധ്യേ ഇന്നലെ രാത്രി ഒൻപതുമണിക്കായിരുന്നു അപകടം.