കോള്‍ ഡ്രോപ് വിഷയത്തില്‍ കടുത്ത നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

ബുധന്‍, 26 ഓഗസ്റ്റ് 2015 (12:40 IST)
മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് തലവേദനയായി മാറിയ സിഗ്നല്‍ പ്രശ്നംമൂലം സംഭാഷണം മുറിയുന്ന അവസ്ഥയ്ക്ക് പരിഹാരവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. വിഷയത്തില്‍ ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്രത്തിന്റെ നടപടി. കൂടുതല്‍ മെബൈല്‍ ടവറുകള്‍ സ്ഥാപിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നറിയിച്ച കേന്ദ്ര ടെലികോംവകുപ്പുമന്ത്രി രവിശങ്കര്‍ പ്രസാദ് കോള്‍മുറിയല്‍ പരിഹരിക്കാത്ത സേവനദാതാക്കള്‍ക്കെതിരെ നടപടി യെടുക്കുമെന്നും പറഞ്ഞു.

ഡിജിറ്റല്‍ മേഖലയിലെ അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട് ഉന്നതതല അവലോകനയോഗത്തിലാണ് മൊബൈല്‍ വരിക്കാരുടെ പ്രധാന പരാതിയായ ‘കാള്‍ ഡ്രോപ്’ പരിഹരിക്കാന്‍ നരേന്ദ്ര മോഡി നിര്‍ദേശിച്ചത്. സാധാരണക്കാരനെ നേരിട്ട് ബാധിക്കുന്ന പ്രശ്നമാണിതെന്നും അതിന് അടിയന്തരപരിഹാരം വേണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചതായി സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ടെലികോം കമ്പനികളുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടച്ചുമതലയുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ‘കാള്‍ ഡ്രോപ്’ സംബന്ധിച്ച് പരിശോധന നടത്താന്‍ തീരുമാനിച്ചു.

കോള്‍മുറിയലിനു പിന്നില്‍ സേവനദാതാക്കളുടെ സാമ്പത്തിക താത്പര്യമണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഒരു കോള്‍ മുറിയുമ്പോള്‍ ഉപയോക്താവ് വീണ്ടും വിളിക്കാന്‍ നിര്‍ബന്ധിതനാകും. ഇങ്ങനെ കൂടുതല്‍ കോളുകളുടെ തുക ഉപയോക്താക്കള്‍ ചെലിടേണ്ടിവരുന്ന സാഹചര്യമാണിപ്പോള്‍. ശേഷിയിലധികം കണക്ഷനുകള്‍ നല്‍കുന്നതാണ് കോള്‍മുറിയലിന് കാരണമാകുന്നതെന്നും ആരോപണമുണ്ട്. എന്നാല്‍ മൊബൈല്‍ ടവറുകള്‍ ആവശ്യത്തിനില്ലാത്തതും കൂടുതല്‍ സ്‌പെക്ട്രം (റേഡിയോ തരംഗരാജി) അനുവദിക്കാത്തതുമാണ് പ്രശ്‌നമെന്ന് സേവനദാതാക്കള്‍ പറയുന്നു. സാമ്പത്തികലാഭത്തിനായി ബോധപൂര്‍വം കോള്‍ മുറിക്കുകയാണെന്ന ആരോപണം സേവനദാതാക്കള്‍ നിഷേധിച്ചു.

ഭൂരിപക്ഷം വരിക്കാരുടെയും താരിഫ്പ്ളാന്‍ സെക്കന്‍ഡ് ബിലിങ് ആണെന്നും അതിനാല്‍, പാതിവഴി ഫോണ്‍ കട്ടാകുന്നതുകൊണ്ട് സാമ്പത്തികമായി കമ്പനിക്ക് പ്രത്യേക ലാഭമോ വരിക്കാരന് നഷ്ടമോ ഉണ്ടാകുന്നില്ളെന്നാണ് കമ്പനികളുടെ വാദം. അതേസമയം, ട്രായ് ഡല്‍ഹിയിലും മുംബൈയിലും നടത്തിയ പരിശോധനയില്‍ ‘കാള്‍ ഡ്രോപ്’ പരാതികള്‍ കൂടുതലാണെന്ന് കണ്ടത്തെിയിട്ടുണ്ട്. കട്ടാകുന്ന മിനിറ്റുകള്‍ക്ക് പകരം സൗജന്യമായി അധിക സംസാരസമയം നല്‍കണമെന്ന നിര്‍ദേശം ട്രായിയുടെ മുമ്പാകെയുണ്ട്.

കൂടുതല്‍ മൊബൈല്‍ടവറുകള്‍ സ്ഥാപിക്കുന്നതിന് അനുകൂലമായ നയം ഉടന്‍ രൂപവത്കരിക്കുമെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ടവറുകള്‍ സ്ഥാപിക്കുന്നതിന് പ്രാദേശികമായി എതിര്‍പ്പുണ്ടാകുന്നുണ്ട്. സ്വകാര്യ വ്യക്തികളുടെ സ്ഥലം ലഭ്യമല്ലെങ്കില്‍ സര്‍ക്കാര്‍കെട്ടിടങ്ങള്‍ക്കു മുകളില്‍ ടവറുകള്‍ സ്ഥാപിക്കാം. ജനങ്ങളുടെ എതിര്‍പ്പുമൂലം രാജ്യത്തെ പ്രധാന നഗരങ്ങളില്‍ മാത്രമായ പതിനായിരത്തോളം മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.

മൊബൈല്‍ഫോണ്‍ സേവനം കുറ്റമറ്റതാക്കാന്‍ സ്‌പെക്ട്രത്തിന്റെ ലഭ്യത പ്രധാന പ്രശ്‌നമാണെങ്കിലും അത് ഉടന്‍ പരിഹരിക്കാന്‍ കഴിയുന്നതല്ല. പ്രതിരോധവകുപ്പിന്റെ കൈയിലാണ് ഇന്റര്‍നാഷണല്‍ ടെലികോം യൂണിയന്‍ ഇന്ത്യക്ക് അനുവദിച്ചിരിക്കുന്ന സ്‌പെക്ട്രത്തിന്റെ ഭീമമായ ഭാഗവും. സൈന്യത്തിന്റെ ആവശ്യത്തിനായി രാജ്യത്താകമാനം പുതിയ ഒപ്ടിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്കിന്റെ നിര്‍മാണം നടക്കുന്നുണ്ട്. ഇത് പൂര്‍ത്തിയാവാതെ കൂടുതല്‍ തരംഗ രാജി മൊബൈല്‍ഫോണ്‍ സേവനത്തിനായി ലഭിക്കില്ല. അതേസമയം, ചില സേവനദാതാക്കളുടെ കൈയിലുള്ള അധിക സ്‌പെക്ട്രം അത് ആവശ്യമുള്ള മറ്റു സേവനദാതാക്കളുമായി പങ്കിടുവാനുള്ള സാധ്യതകളും ട്രായ് ആരായുന്നുണ്ട്.

വെബ്ദുനിയ വായിക്കുക