ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ച സൗജന്യ കോള്‍ സേവനം ഇന്നു മുതല്‍

Webdunia
വെള്ളി, 1 മെയ് 2015 (13:16 IST)
ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ച  സൗജന്യ കോള്‍ സേവനം രാത്രി മുതല്‍ നിലവില്‍ വരും. ഇതോടെ രാത്രി ഒമ്പതു മുതല്‍ പിറ്റേ ദിവസം രാവിലെ ഏഴുവരെ രാജ്യത്തെവിടെയും സൗജന്യമായി വിളിക്കാം. മൊബൈല്‍ഫോണുകളുടെ വരവോടെ  ലാന്‍ഡ്ഫോണുകള്‍ ഉപഭോക്താക്കള്‍ വ്യാപകമായി ഉപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ബി എസ് എന്‍ എല്‍ പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
 
ഇതിനുപുറമെ നിശ്ചിത തുകക്ക്‌ എടുക്കുന്ന പ്ലാനിലൂടെ ദിവസം മു‍ഴുവന്‍ ബി.എസ്.എന്‍.എല്‍ നെറ്റ്വര്‍ക്കുകളിലേക്ക്‌ സൗജന്യമായി വിളിക്കാം. മെസേജിംഗ്, റോമിംഗ് എന്നീ സര്‍വീസുകളിലും ഇളവുണ്ട്. ഗ്രാമീണമേഖലയില്‍ 545 രൂപയുടെയും നഗരമേഖലയില്‍ 645 രൂപയുടെയും പ്ലാന്‍ എടുത്താല്‍ ബി.എസ്.എന്‍.എല്ലില്‍നിന്ന് ബി.എസ്.എന്‍.എല്ലിലേക്ക് (ലാന്‍ഡ് ലൈന്‍) ദിവസം മുഴുവന്‍ സൗജന്യമായി പരിധിയില്ലാതെ വിളിക്കാനും പറ്റും. ഗ്രാമീണമേഖലയില്‍ 120 രൂപയുള്ള മാസവാടക 140 ആക്കിയും നഗരത്തില്‍ 195 എന്നത് 220 ആക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്.
 
അതേസമയം ഈ തുകയ്ക്കു കണക്കായ ഫ്രീ കോളുകള്‍ പകല്‍ നിലനിര്‍ത്തിയിട്ടുമുണ്ട്. .നിലവിലെ ഉപഭോക്താക്കള്‍ക്ക്‌ പുറമെ പുതുതായി ലാന്‍ഡ് ലൈന്‍, ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ എടുക്കുന്ന ഉപഭോക്താക്കള്‍ക്കും സേവനം ലഭ്യമാകും.