വിദ്യ ബാലന്റെ പുതുവര്‍ഷാഘോഷം ‘കിഡ്‌നി സ്റ്റോണ്‍’ കൊണ്ടുപോയി

Webdunia
വ്യാഴം, 31 ഡിസം‌ബര്‍ 2015 (13:56 IST)
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബോളിവുഡ് താരം വിദ്യ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് വിദ്യ ബാലനെ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയ് കപൂറും ഒപ്പമുണ്ടായിരുന്നു.
 
പുതുവര്‍ഷം ആഘോഷിക്കാന്‍ വിദേശത്ത് പോകുന്നതിനായി വിമാനത്തില്‍ കയറിയതിനു ശേഷം കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൃക്കയിലെ കല്ലാണ് വേദനയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിദ്യയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
 
ജനുവരി ഒന്നിനാണ് വിദ്യ ബാലന്റെ ജന്മദിനം. പുതുവര്‍ഷവും ജന്മദിനവും വിദേശത്ത് ആഘോഷിക്കുന്നതിനു വേണ്ടി അബുദാബിക്ക് പോകുന്നതിനായി തയ്യാറെടുക്കവെയാണ് വേദനയുടെ രൂപത്തില്‍ ഇരുവരുടെയും പുതുവര്‍ഷം ‘കിഡ്‌നി സ്റ്റോണ്‍’ തട്ടിയെടുത്തത്.