കള്ളപ്പണക്കാരുടെ പട്ടിക കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

Webdunia
ബുധന്‍, 29 ഒക്‌ടോബര്‍ 2014 (11:03 IST)
വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള മുഴുവന്‍ പേരുട‌െ പട്ടികയും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിക്ക് കൈമാറി. 627 പേരുടെ പട്ടികയാണ് മുദ്ര വച്ച മൂന്ന് കവറുകളിലായി അറ്റോര്‍ണി ജനറല്‍  കൈമാറിയത്. ഇതില്‍ ഒന്ന് കള്ളപ്പണക്കാരുടെ പേരുകളും മറ്റൊന്ന് അവരുടെ അക്കൗണ്ട് സംബന്ധിച്ച വിശദവിവരങ്ങളും മൂന്നാമത്തേത് പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടുമാണ്.

പട്ടികയിലെ പേരുകള്‍ പുറത്ത് വിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കള്ളപ്പണ വിഷയത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നാണ് കോടതിയുടെ ആഗ്രഹമെങ്കില്‍ അതില്‍ എതിര്‍പ്പില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. മൂന്ന് വ്യവസായികളുടെ പേരുകള്‍ നേരത്തെ കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. മുഴുവന്‍ പേരുടെയും പേരുകള്‍ ഇന്ന് നല്‍കാന്‍ ചൊവ്വാഴ്ച സുപ്രീംകോടതി കേന്ദ്രത്തോട് ഉത്തരവിട്ടിരുന്നു.

വിദേശരാജ്യങ്ങളില്‍നിന്ന് ലഭിച്ച പേരുകള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്ന സര്‍ക്കാറിന്റെ ആവശ്യം കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നില്ല. മുന്‍ ഉത്തരവിലെ ഒരുവരിപോലും ഭേദഗതി ചെയ്യാനോ പരിഷ്‌കരിക്കാനോ ഉദ്ദേശിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എച്ച്. എല്‍. ദത്തുവും ജസ്റ്റിസുമാരായ രഞ്ജന പ്രകാശ് ദേശായി, മദന്‍ ബി.ലോക്കൂര്‍ എന്നിവരുമടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

പ്രമുഖ ഔഷധ വ്യാപാര കമ്പനി ഡാബറിന്‍െറ ഉടമ പ്രദീപ് ബര്‍മന്‍, ഗുജറാത്തിലെ രാജ്കോട്ടുകാരനായ സ്വര്‍ണ മൊത്തവ്യാപാരി പങ്കജ് ചിമന്‍ലാല്‍ ലോദിയ, ഗോവയിലെ പ്രമുഖ മൈനിങ് കമ്പനി ടിംബ്ളൊ പ്രൈവറ്റ് ലിമിറ്റഡ്, ഇതിന്‍െറ ഉടമ രാധ എസ്. ടിംബ്ളൊ, കുടുംബാംഗങ്ങളായ നാലു ഡയറക്ടര്‍മാര്‍ എന്നീ പേരുകളാണ് തിങ്കളാഴ്ച പുറത്തുവന്ന കള്ളപ്പണക്കാരുടെ ആദ്യ പട്ടികയിലുള്ളത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.