ബിനാമി ഇടപാടുകള്‍ തടയുന്നതിനുള്ള ബില്ലിന് കേന്ദ്ര കാബിനറ്റ് യോഗം അംഗീകാരം നല്‍കി. റിയല്‍ എസ്‌റ്റേറ്റ് അടക്കമുള്ള രംഗങ്ങളില്‍ ബിനാമി ഇടപാടുകളിലൂടെ കള്ളപ്പണം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി വ്യവസ്ഥചെയ്യുന്നതാണ് ബില്‍.1988 ലെ ബിനാമി ട്രാൻസാക്ഷൻ നിയമം ഭേദഗതി ചെയ്യാനുള്ള തീരുമാനത്തിനാണ് ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.
ബിനാമി സ്വത്ത് കണ്ടുകെട്ടാനും ഇടപാട് നടത്തുന്നവരെ പ്രോസിക്യൂട്ട് ചെയ്യാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. കള്ളപ്പണം തടയാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ബിനാമി നിയമം ഭേദഗതി ചെയ്യുന്നത്. ബിനാമി ഇടപാടുകള്‍ തടയാന്‍ ശക്തമായ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.