കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി ഡല്‍ഹിയില്‍ നടത്തിയ വിവാദപ്രസംഗത്തിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. രാജ്യത്തെ ക്രൈസ്തവരും മുസ്ലീങ്ങളും രാമന്റെ മക്കളാണെന്നും ഇതില്‍ വിശ്വസിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസംഗം.
രാമനില്‍ വിശ്വസിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണോ അതോ അവിശ്വാസികള്‍ക്ക് വോട്ട് ചെയ്യണോ എന്ന് ജനങ്ങള്‍ തീരുമാനമെടുക്കണം നിരഞ്ജന്‍ ജ്യോതി പറഞ്ഞു. പ്രസ്താവന വിവാദമായതോടെ അവിശ്വാസികള്‍ എന്നതുകൊണ്ട് താന്‍ ഉദ്ദേശിച്ചത് വിഘടനവാദികളെയാണെന്ന വിശദീകരണവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയിട്ടുണ്ട്.