സംസ്ഥാനത്ത് ബി ജെ പി ഹര്‍ത്താല്‍ തുടങ്ങി; കനത്ത ജാഗ്രതയില്‍ പൊലീസ്; കോഴിക്കോട് ബി ജെ പി പ്രവര്‍ത്തകന്റെ കടയ്ക്ക് അക്രമികള്‍ തീയിട്ടു

വ്യാഴം, 13 ഒക്‌ടോബര്‍ 2016 (09:05 IST)
കണ്ണൂരിലെ പിണറായിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ തുടങ്ങി ഇതുവരെ അനിഷ്‌ടസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
 
ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍‍, പാല്‍‍, പത്രം എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, വിമാനത്താവളത്തിലേക്കും വിവാഹം, മരണാനന്തര ചടങ്ങ് എന്നിവക്കും പോകുന്നവര്‍, ഹജ്ജ്-ശബരിമല തീര്‍ഥാടകര്‍ എന്നിവരെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ അറിയിച്ചു.
 
പൊതു വാഹനങ്ങളൊന്നും ഹര്‍ത്താലിനെ തുടര്‍ന്ന് നിരത്തിലിറങ്ങിയിട്ടില്ല. കെ എസ് ആര്‍ ടി സിയും സര്‍വ്വീസ് നടത്തുന്നില്ല. ചില സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് റോഡിലിറങ്ങിയിട്ടുള്ളത്. അതേസമയം, കോഴിക്കോട് പെരുവയലില്‍ ബി ജെ പി പ്രവര്‍ത്തകനായ മനുവിന്റെ പലചരക്ക് കടയ്ക്ക് അക്രമികള്‍ തീയിട്ടു. ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. അതേസമയം, മാഹി പള്ളിപ്പെരുന്നാള്‍ നടക്കുന്നതിനാല്‍ മാഹി ടൌണിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.

വെബ്ദുനിയ വായിക്കുക