ബീഹാറില്‍ മന്ത്രിപ്പടയിറങ്ങും; രണ്ടും കല്‍പ്പിച്ച് ബിജെപി

Webdunia
വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (13:17 IST)
ബീഹാര്‍ നിയമസഭാ തിരബ്ഞ്ഞെടുപ്പ് അഭിമാന പോരാട്ടമായി കാണുന്ന ബിജെപി അധികാരത്തിലെത്താനുള്ള തന്ത്രങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കൂടുതല്‍ റാലികള്‍ സംസ്ഥാനത്തുടനീളം നടത്തുന്നത് കൂടാതെ ബിജെപി മന്ത്രിമാരേക്കൂടി സംസ്ഥാനത്ത് പ്രചാരണത്തിനിറക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.

ബിജെപി ദേശീയ നേതൃത്വത്തിന്റെ കര്‍ശന നിരീക്ഷണത്തിലാണ് സംസ്ഥാന ഘടകം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എണ്ണയിട്ട യന്ത്രങ്ങളേപ്പോലെ കഠിനമായ പ്രചാരണങ്ങളാണ് ബിജെപി നടത്തുന്നത്. സമീപ സംസ്ഥാനങ്ങളിലെ ബിജെപി മന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍, എം‌പിമാര്‍, എം‌എല്‍‌എമാര്‍തുടങ്ങി ആളെക്കൂട്ടാന്‍ കഴിയുന്ന സകല ആയുധങ്ങളും പയറ്റാനാണ് പാര്‍ട്ടിയുടെ തീരുമാനം.

ബീഹാറില്‍ 243 അംഗ നിയമസഭയിലേക്ക തിരഞ്ഞെടുപ്പ് നടക്കുക അടുത്ത മാസമാണ്. ഹൈടെക് പ്രചാരണമാണ് ബിജെപി നടത്തുന്നത്. മുതിര്‍ന്ന നേതാക്കളായ മുരളീ മനോഹര്‍ ജോഷി, എല്‍‌കെ അദ്വാനി, ശത്രുഘ്നന്‍ സിന്‍‌ഹ തുടങ്ങിയവരും പ്രാചാരനത്തിനെത്തും. മോഡിയുടെ 12 റാലികളാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ കൂടുതല്‍ റാലികളില്‍ മോഡിയേ പങ്കെടുപ്പിക്കാനാണ് ബിജെപി തീരുമാനം.

സ്ഥാനാര്‍ഥി നിര്‍ണയമുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഏറെമുന്നോട്ടുപോയ ബിജെപി ഭരണം പിടിക്കാമെന്ന ആത്മ വിശ്വാസത്തിലാണ്. എന്നാല്‍ സംസ്ഥാന ഘടകത്തില്‍ നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെര്‍ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ പ്രകടന പത്രികയ്ക്ക് പകരം ദര്‍ശന രേഖയാണ് ബിജെപി പുറത്തിറക്കുക.