സോളോ ബൈക്ക് റൈഡര്‍ സന ഇഖ്ബാലിന്റെ (29) മരണം കൊലപാതകമെന്ന് അമ്മ. ഭർത്താവ് അബ്ദുൽ നദീം പ്ലാന്‍ ചെയ്‌ത് നടത്തിയ അപകടത്തിലാണ് സന മരിച്ചത്. ഭര്‍ത്താവും ഭര്‍ത്തൃ മാതാവും സനയെ നിരന്തരം പീഢിപ്പിച്ചിരുന്നുവെന്നും അമ്മയും അഭിഭാഷകയുമായ ഷഹീന്‍ ഖാന്‍ ആരോപിച്ചു.
അതേസമയം, നദീമും ഭര്‍ത്തൃ മാതാവും നടത്തുന്ന പീഡനത്തെക്കുറിച്ചു സന സുഹൃത്തുക്കൾക്ക് എഴുതിയെന്നു പറയപ്പെടുന്ന സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. താൻ ഹൃദയാഘാതം മൂലമോ എന്തെങ്കിലും ഷോക്ക് മൂലമോ മറ്റോ മരിച്ചാൽ അതിനു കാരണക്കാർ നദീമും അമ്മയുമാണെന്നു സന്ദേശത്തിൽ വ്യക്തമാക്കുന്നു.
നേരത്തെ ഭര്‍ത്താവിനെതിരെ ഗാര്‍ഹികപീഡനത്തിന് സന പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഇരുവരെയും വിളിച്ചു വരുത്തി സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നു.
ഭർത്താവിനൊപ്പം കാറിൽ യാത്ര ചെയ്യവെ ചൊവ്വാഴ്‌ച പുലർച്ചെ 3.30ന് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിൽ വെച്ചുണ്ടായ പകടത്തിലാണ് സന മരിച്ചത്. നദീം ഓടിച്ചിരുന്ന കാര്‍ റോഡിലെ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റ നദീം ചികിൽസയിലാണ്. രണ്ടു വയസുള്ള അലി മകനാണ്.
ആത്മഹത്യയ്ക്കും വിഷാദരോഗത്തിനുമെതിരെ ബോധവൽക്കരണം നടത്താൻ 2015 നവംബറിലാണു സന തന്റെ ബുള്ളറ്റിൽ ഇന്ത്യ മുഴുവൻ ഒറ്റയ്ക്കു 38,000 കിലോമീറ്റർ സഞ്ചരിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.