മന്ത്രി എം എം. മണിയുടെ ഇളയസഹോദരൻ എം എം സനകൻ(56) അന്തരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സനകൻ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അന്തരിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
രണ്ടു ദിവസം മുമ്പ് പത്താംമൈലില്‍ നിന്ന് കുഞ്ചിത്തണ്ണിയിലേക്ക് വരുന്ന വഴി സനകനും ഭാര്യയും അടിമാലിയിലെ ഒരു ചായക്കടയില്‍ കയറിയിരുന്നു. ചായ കുടിച്ച ശേഷം പുറത്തേക്കിറങ്ങിയ സനകനെ പിന്നീട് കാണാതാവുകയായിരുന്നു. പരിസരപ്രദേശങ്ങളിലെല്ലാം തെരച്ചിൽ നടത്തിയെങ്കിലും സനകനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ശനിയാഴ്ച രാത്രിയോടെ വെള്ളത്തൂവലിന് സമീപത്തുള്ള കുത്തുപാറയിലെ വഴിയരുകിലാണ് അബോധാവസ്ഥയില്‍ കിടക്കുന്ന സനകനെ നാട്ടുകാര്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഉടന്‍ തന്നെ അദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീടാണ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.