ബീഹാർ നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം

Webdunia
വെള്ളി, 10 ജൂലൈ 2015 (18:43 IST)
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിലെ നിയമസഭാ കൌണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എൻ ഡി എ സഖ്യത്തിന് മികച്ച വിജയം. വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി ക്യാമ്പിന് ആവേശം നല്‍കുന്ന വിജയമാണ് ബിഹാറിലുണ്ടായിരിക്കുന്നത്.

തെരഞ്ഞെടുപ്പ്നടന്ന ഇരുപത്തിനാല് സീറ്റുകളിൽ പതിനാലെണ്ണത്തിലും എൻഡിഎ വിജയിച്ചു. ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിനൊപ്പം തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിട്ട ജനത പരിവാറിന് ഫലം തിരിച്ചടിയായി. 9 സീറ്റുകൾ മാത്രമാണ് സഖ്യത്തിന് നേടാനായത് . ഒരു സീറ്റിൽ സ്വതന്ത്രൻ വിജയിച്ചു.

നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിനെ ബിജെപി അഭിമാന പോരാട്ടമായാണ് കാണുന്നതെന്നും ഫലം വന്ന് കഴിയുമ്പോൾ അവർ മറുത്ത് പറയരുതെന്നും  മുഖ്യമന്ത്രി നിതീഷ് കുമാർ നേരത്തെ പ്രസ്താവിച്ചിരുന്നു.  പാര്‍ലമെന്റിന് അധോസഭയും ഉപരി സഭയും ഉള്ളതുപോലെ ചില സംസ്ഥാനങ്ങളില്‍ നിയസഭകള്‍ക്ക് പുറമേ ഉപരി സഭയായി കൌണ്‍സിലുകളും ഉണ്ടാക്കിയിട്ടുണ്ട്.

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, നിയമസഭ, കോളേജുകള്‍, ഗവര്‍ണര്‍ തുടങ്ങിയവരാണ് ഈ സഭയിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. പാര്‍ലമെന്റിലെ രാജ്യസഭ എന്നതുപോലെയാണ് ഇതും പ്രവൃത്തിക്കു. ജമ്മു കശ്മീര്‍ ഒഴിച്ച് ബാക്കി സംസ്ഥാനങ്ങള്‍ക്ക് കുറഞ്ഞത് 40 പേരെങ്കിലും ഈ സഭയില്‍ അംഗമാകണമെന്ന് വ്യവസ്ഥയുണ്ട്. ആകെ എട്ട് സംസ്ഥാനങ്ങള്‍ക്കാണ് കൌണ്‍സില്‍ രൂപീകരിക്കാന്‍ അനുമതിയുള്ളത്. സംസ്ഥാനങ്ങള്‍ക്ക് ലെജിസ്ലേറ്റീവ് കൌണ്‍സില്‍ രൂപീകരിക്കണമെങ്കില്‍ പാര്‍ലമെന്റ് അനുമതി ആവശ്യമാണ്.