ഏതെങ്കിലും രാഷ്ട്രീയക്കാര്‍ ജനങ്ങളോട് എനിക്ക് നിങ്ങളുടെ വോട്ട് വേണ്ടെന്ന് സ്വപ്നത്തില്‍ പോലും പറയുകയില്ലെന്നാണ് നമ്മള്‍ ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ എല്ലാവരേയും കടത്തിവെട്ടി ബീഹാര്‍ മുഖ്യന്‍ തന്നെ പരസ്യമായി പൊതുവേദിയില്‍ വച്ച് എനിക്ക് നിങ്ങളുടെ വോട്ട് വേണ്ടെന്ന് വെട്ടിത്തുറന്ന് പറഞ്ഞുകളഞ്ഞു. എതിരാളികള്‍ പോലും ഞെട്ടിപ്പോകും വിധമാണ് ബീഹാര്‍ മുഖ്യന്‍ ജിതന്‍ റാം മഞ്ജിയുടെ പ്രസ്താവന.
വാഗ്ദാനം പാലിക്കാത്ത മുഖ്യനു നേരേ ഒരു പൊതുപരിപാടിക്കിടെ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചപ്പോഴാണ് ജിതന്‍ റാം മഞ്ജിയുടെ നാവില്‍ നിന്ന് വികടസരസ്വതി പ്രവഹിച്ചത്. സ്വന്തം മണ്ഡലത്തിലെ സ്‌കൂളില്‍ ഒരു പ്രതിമാ അനാച്ഛാദനത്തിനായാണ് മഞ്ജി എത്തിയത്. അതിനിടെയാണ് വൈദ്യുതിയില്ലെങ്കില്‍ വോട്ടില്ല എന്ന ബാനറുമായി മണ്ഡലത്തോടുള്ള അവഗണനയ്‌ക്കെതിരെ ജനങ്ങള്‍ രംഗത്തെത്തിയത്.
പ്രസംഗത്തിനിടെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മുഖ്യന്റെ നിയന്ത്രണം വിട്ടുപോയതാണ് വാക്കുകള്‍ കൈവിട്ട് പോകാന്‍ കാരണമായത്. ഇതൊന്നും കാട്ടി തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നാണ് മഞ്ജി ആദ്യം പ്രതികരിച്ചത്. നിങ്ങളുടെ സമീപനത്തില്‍ നിന്നു തന്നെ നിങ്ങള്‍ എനിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് അറിയാമെന്നും എനിക്ക് നിങ്ങളുടെ വോട്ട് വേണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
സ്വന്തം മണ്ഡലം ഉള്‍പ്പെട്ട ജനാബാദ് ജില്ലയിലെ നീണ്ട വൈദ്യൂതി നിയന്ത്രണം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താനാണ് നാട്ടുകാര്‍ സംഘടിച്ചെത്തിയത്. എന്നാല്‍ മുഖ്യന്റെ നിഷേധാത്മക നിലപാടിനെതിരെ നാട്ടുകാര്‍ മുഴുവന്‍ സംഘടിച്ചതോടെ അടുത്ത വര്‍ഷം പ്രശ്‌നം പരിഹരിക്കാമെന്ന് മറ്റൊരു വാഗ്ദാനം കൂടി നല്‍കിയാണ് മഞ്ജി തടി രക്ഷിച്ചത്.