ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം അധികാരത്തിലേക്ക്. ബിജെപിയെ തരിപ്പണമാക്കിയെങ്കിലും മുഖ്യമന്ത്രിസ്ഥാനം ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനായിരിക്കുമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ജാതിമത ഭേദമില്ലാതെ എല്ലാവരും മഹാസഖ്യത്തിന് വോട്ടു ചെയ്‌തു. കേന്ദ്രത്തില്‍ നിന്ന് ബിജെപി സര്‍ക്കാരിനെ തുരുത്തുകയാകും അടുത്ത ലക്ഷ്യമെന്നും വാര്‍ത്താസമ്മേളനത്തില്‍ ലാലു പറഞ്ഞു. നിതീഷും ലാലുവും സംയുക്‍തമായിട്ടാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കു ചേര്‍ന്നത്.
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടക്കത്തില്‍ ബിജെപി ലീഡ് ഉയര്‍ത്തിയെങ്കിലും പിന്നീട് ജെഡിയു നേതൃത്വത്തിലുള്ള വിശാലസഖ്യം മുന്നേറുകയായിരുന്നു. മഹാസഖ്യം 176 സീറ്റില്‍ മുന്നിട്ടു നില്‍ക്കുബോള്‍ ബിജെപി 61 സീറ്റിലുമാണ്. 6 സീറ്റുകളില്‍ മറ്റുള്ളവരും. തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്കെന്നാണ് ആദ്യഫലസൂചനകള്‍ നല്‍കിയെങ്കിലും പിന്നീടെല്ലാം മഹാസഖ്യത്തിന് അനുകൂലമാകുകയായിരുന്നു. ആര്‍ജെഡിയാണ് മഹാസഖ്യത്തിലെ ഏറ്റവും വലിയ ഒറ്റ കക്ഷി.
ആകെയുള്ള 243 നിയമസഭ സീറ്റിൽ 122 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ദേശീയ രാഷ്ട്രീയത്തിൽ നിർണായകമായ ബിഹാർ തെരെഞ്ഞെടുപ്പിൽ സംസ്ഥാനം ആർക്കൊപ്പം ആയിരിക്കുമെന്ന ആകാംക്ഷയ്‌ക്ക് വിരാമമായിരിക്കുകയാണ്.