ബിഹാർ തെരഞ്ഞെടുപ്പുഫലം തന്റെ പിതാവിനുള്ള ആദരാഞ്ജലിയാണെന്ന് ദാദ്രിയിൽ കൊല്ലപ്പെട്ട മുഹമ്മദ് ഇഹ്‌ലാഖിന്റെ മകൻ സർതാജ്. വിദ്വേഷ രാഷ്ട്രീയത്തിനു രാജ്യത്തു സ്ഥാനമില്ലെന്നു വ്യക്തമായി. ബിഹാർ ഫലം തന്റെ പിതാവിനുള്ള ആദരാഞ്ജലിയാണെന്നും വിദ്വേഷത്തിനും വർഗീയതയ്ക്കും എതിരാണെന്നും സർതാജ് വ്യക്തമാക്കി.
മതത്തിന്റെ പേരിൽ പോരടിച്ചതുകൊണ്ട് ഒരു ഗുണവുമില്ലെന്നു ജനങ്ങൾ തിരിച്ചറിയണം. അധികാരത്തിലെത്താൻ രാജ്യത്തെ വിഭജിക്കുകയല്ല വേണ്ടതെന്ന് എല്ലാ രാഷ്ട്രീയക്കാരോടും താൻ അഭ്യർഥിക്കുന്നതായും സർതാജ് പറഞ്ഞു.
പശുവിറച്ചി കഴിച്ചുവെന്ന് ആരോപിച്ചാണ് ഉത്തർപ്രദേശിലെ ദാദ്രിയിൽ ഇഹ്‌ലാഖിനെ ജനക്കൂട്ടം മർദിച്ചു കൊന്നത്. പിന്നീടു വിദഗ്ധ പരിശോധനയിൽ കഴിച്ചത് മട്ടനാണെന്നു കണ്ടെത്തിയിരുന്നു. വ്യോമസേനയിൽ കോർപ്പറൽ ഓഫിസറാണ് ഇഹ്‌ലാഖിന്റെ മൂത്ത മകനായ സർതാജ്.