ബീഹാറിന്റെ 25-മത് മുഖ്യമന്ത്രിയായി ജനതാദള്‍ (യു) നേതാവ് ജിതിന്‍ റാം മഞ്ജി സത്യപ്രതിജഞചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ഡിവൈ പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കൊപ്പം 17 മന്ത്രിമാരും ചുമതലയേറ്റിട്ടുണ്ട്.
മുകുന്ദപുര്‍ മണ്ഡലത്തെയാണ് മഞ്ജി പ്രതിനിധാനം ചെയ്യുന്നത്. മുഖ്യമന്ത്രിപദത്തില്‍ താന്‍ ആരുടെയും റബ്ബര്‍സ്റ്റാമ്പ് ആകാനില്ലെന്ന് മഞ്ജി പറഞ്ഞു. രാജിവെച്ച മുഖ്യമന്ത്രി നിതീഷിന് സര്‍ക്കാറിനെ എളുപ്പത്തില്‍ നിയന്ത്രിക്കാനാണ് മഞ്ജിയെ മുഖ്യമന്ത്രിയാക്കിയതെന്ന ബി.ജെ.പി.യുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിപദമേറ്റ മഞ്ജിയെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വിറ്ററിലൂടെ അഭിനന്ദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാര്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം ജിതിന്‍റാം മഞ്ജിയെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. നിതീഷിന്റെ അടുത്ത അനുയായിയാണ് അദ്ദേഹം.
ബിഹാര്‍ മന്ത്രിസഭയില്‍ ഏറ്റവും കുറച്ച് ആസ്തിയുള്ള അംഗംകൂടിയാണ് മഞ്ജി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ അദ്ദേഹത്തിന് 2.83 ലക്ഷത്തിന്റെ സ്വത്തുവകകളുണ്ടെന്നാണ് കാണിച്ചിട്ടുള്ളത്.
ടെലികോം വകുപ്പില്‍ കഌക്ക് ആയിട്ടാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. മഞ്ജിയുടെ നേതൃത്വത്തിലുള്ള ജെ.ഡി-യു സര്‍ക്കാറിന് കോണ്‍ഗ്രസ് നേരത്തേ നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ബി.ജെ.പി.യുടെ ദളിത് വിരുദ്ധ നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മഞ്ജി പറഞ്ഞു. നിതീഷിനോട് തുടര്‍ന്നും ഉപദേശങ്ങള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.