ഇത് അവസാനത്തിന്‍റെ ആരംഭമെന്ന് മമത, ജനങ്ങളുടെ രോഷത്തിന്‍റെ ഫലമെന്ന് രാഹുല്‍

Webdunia
ബുധന്‍, 14 മാര്‍ച്ച് 2018 (20:31 IST)
ഗോരഖ്പുരിലെയും ഫുല്‍‌പുരിലെയും ബി ജെ പിയുടെ തകര്‍ച്ച എതിര്‍പാര്‍ട്ടികള്‍ ആഘോഷമാക്കുകയാണ്. ഇത് അവസാനത്തിന്‍റെ ആരംഭമാണെന്നാണ് മമത ബാനര്‍ജി പ്രതികരിച്ചത്. ഉത്തര്‍പ്രദേശിലെ വിജയത്തില്‍ മായാവതി, അഖിലേഷ് യാദവ് എന്നിവരെയും ബീഹാറിലെ അരാരിയ മണ്ഡലത്തിലെ വിജയത്തില്‍ ആര്‍ ജെ ഡിയെയും മമത അഭിനന്ദിച്ചു.
 
ബി ജെ പി സഖ്യത്തോട് ജനങ്ങള്‍ കടുത്ത രോഷത്തിലാണെന്നും ഉപതെരഞ്ഞെടുപ്പ് ഫലം അതിന്‍റെ തെളിവാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. എന്നാല്‍ ഒരു രാത്രികൊണ്ട് യു പിയില്‍ കോണ്‍ഗ്രസിന് തിരിച്ചുവരാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
തോല്‍‌വിയെക്കുറിച്ച് വിശദമായി പഠിക്കണമെന്ന് ബി ജെ പി നേതാക്കള്‍ പറയുമ്പോള്‍ നയപരമായ വീഴ്ചകള്‍ തോല്‍‌വിക്ക് കാരണമായതായി ശിവസേന വിലയിരുത്തുന്നു. ബി എസ് പിയുടെ വോട്ട് ഇങ്ങനെ എസ് പിയിലേക്ക് പോകുമെന്ന് കരുതിയിരുന്നില്ലെന്ന് യു പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യ വ്യക്തമാക്കി. 
 
ഉപതെരഞ്ഞെടുപ്പിലെ തോല്‍‌വി അപ്രതീക്ഷിതമായിപ്പോയെന്ന് യു പി മുഖ്യമന്ത്രി യോഗി ആ‍ദിത്യനാഥ് പ്രതികരിച്ചു. എന്നാല്‍ ജനവിധി മാനിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 
 
വിജയികള്‍ക്ക് അഭിനന്ദനമറിയിച്ച യോഗി ആദിത്യനാഥ് ബി ജെ പിയുടെ തോല്‍‌വിക്ക് ഇടയാക്കിയ സാഹചര്യങ്ങളെപ്പറ്റി പരിശോധിക്കുമെന്നും അറിയിച്ചു. കഴിഞ്ഞ വര്‍ഷം യോഗി മൂന്നുലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ച ഗോരക്പൂരിലാണ് ഇത്തവണ ബി ജെ പി സ്ഥാനാര്‍ത്ഥി ദയനീയമായി തോറ്റത്.
 
യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ചുതവണ ജയിച്ച മണ്ഡലമാണിത്. വീഴ്ചകള്‍ പരിശോധിക്കുമെന്ന് യോഗി അറിയിച്ചുവെങ്കിലും ഈ തിരിച്ചടിയുടെ ഞെട്ടലില്‍ നിന്ന് ബി ജെ പി എന്ന് മോചിതമാകുമെന്ന് ഇപ്പോള്‍ പറയാനാകില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article