ബീഫ് കടത്തിയെന്ന് ആരോപിച്ച് ജാര്‍ഖണ്ഡിലെ രാംഗഢിലുണ്ടായ ആള്‍ക്കൂട്ട കൊലപാതകത്തിൽ ഹൈക്കോടതി ജാമ്യം നൽകിയ എട്ട് പ്രതികള്‍ക്ക് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയുടെ സന്നിധ്യത്തില്‍ വൻ സ്വീകരണം. ഹസാരിബാഗ് പ്രാന്തിലെ തന്റെ വസതിയില്‍ വ്യോമയാന മന്ത്രി എട്ട് കുറ്റവാളികളേയും മാലയിട്ട് സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.
ഗോമാംസം കൈവശം വെച്ചെന്നാരോപിച്ച് ബിജെപി, എബിവിപി, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന സംഘം അലീമുദ്ദീന്‍ അന്‍സാരിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തപകയായിരുന്നു. പ്രതികള്‍ അലിമുദ്ദീന്‍ സഞ്ചരിച്ചിരുന്ന വാന്‍ കത്തിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 29നായിരുന്നു സംഭവം നടന്നത്.
കേസില്‍ വിസ്താരം നടക്കുന്ന ദിവസം കേസില്‍ സാക്ഷിയായിരുന്ന അലിമുദ്ദീന്റെ സഹോദരന്‍ ജലീലിന്റെ ഭാര്യ കൊല്ലപ്പെട്ടതും വിവാദമായിരുന്നു. ഭാര്യയുടെ ദുരൂഹമായ അപകട മരണത്തെ തുടര്‍ന്ന് ജലീലിന് കോടതിയില്‍ ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. കേസില്‍ ബിജെപി നേതാവ് നിത്യാനന്ദ മഹാതോ അടക്കം 11 പേര്‍ക്ക് കോടതി ജീവപര്യന്തം തടവിന് വിധിച്ചിരുന്നു.