മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം. അഭിമന്യുവിന്റെ കൊലപാതകത്തെത്തുടർന്ന് കൂടുതൽ സൂചനകൾ പുറത്ത്. കൊല്ലപ്പെട്ട ദിവസം രാവിലെ മുതൽ തുടർച്ചയായി അഭിമന്യുവിനെ ഫോണിൽ വിളിച്ചത് കേസിൽ പൊലീസ് തിരയുന്ന ഒന്നാം പ്രതി മുഹമ്മദാണെന്ന് സൂചന. മഹാരാജാസ് കോളജിലെ തന്നെ മൂന്നാം വർഷം അറബിക് വിദ്യാർഥിയാണ് മുഹമ്മദ്.
എന്നാൽ കൊലയാളി സംഘത്തിലെ പ്രതികൾ വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതായി രഹസ്യ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലേക്കും പൊലീസ് തിരച്ചിൽ നോട്ടിസ് കൈമാറി. ഇതേസമയം, അഭിമന്യുവിനെ പ്രതികൾക്ക് കാണിച്ച് കൊടുത്തത് മഹാരാജാസിലെ തന്നെ മറ്റൊരു വിദ്യാർത്ഥി ആണെന്ന് സൂചനകൾ ഉണ്ട്.
അഭിമന്യുവിന്റെ ഫോൺ കോൾ സംബന്ധിച്ചുള്ള അന്വേഷണം സൈബൽ സെൽ നടത്തുന്നുണ്ട്. എന്നാൽ, സംഭവദിവസം രാത്രി അഭിമന്യുവിനെ കോളജിലേക്കു വിളിച്ചു വരുത്തിയതും കൊലയാളി സംഘത്തിന് കാണിച്ച് കൊടുത്തതും ഒരാൾ തന്നെയാണോ എന്നത് വ്യക്തമാകാൻ മുഹമ്മദ് പിടിയിലാകണം.