രാജ്യത്ത് ബീഫ് വിവാദം പുകഞ്ഞു തന്നെ നില്‍ക്കുകയാണ്. ദാദ്രി സംഭവം ഉള്‍പ്പെടെയുള്ള ബീഫ് കൊലകള്‍ രാജ്യത്ത് നിരവധി പ്രതിഷേധങ്ങള്‍ ഉണ്ടാക്കിയെങ്കിലും ബീഫ് വിരോധത്തിന് കുറവൊന്നും വന്നിട്ടില്ല. അതേസമയം, ബീഫ് വിരോധികള്‍ക്ക് ഞെട്ടല്‍ പകരുന്ന വാര്‍ത്തയാണ് പുതിയത്.
രാജ്യത്ത് ഏവുമധികം ബീഫ് വ്യാപാരികള്‍ ഹിന്ദു സമുദായത്തില്‍പ്പെട്ടവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്ലാം മത വിശ്വാസികളേക്കാള്‍ ഹിന്ദുമത വിശ്വാസികളാണ് ബീഫ് വ്യാപാരം നടത്തുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹി ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് രജിന്ദര്‍ സച്ചാര്‍ ആണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ഇന്ത്യയിലെ, മുസ്ലിങ്ങളേക്കാള്‍ കൂടുതല്‍ ഹിന്ദുക്കള്‍ തന്നെയാണ് ബീഫ് വ്യാപാരം നടത്തുന്നതെന്നാണ് അദ്ദേഹം പറയുന്നത്. 2006ല്‍ മുസ്ലിങ്ങളുടെ സംവരണത്തെക്കുറിച്ച് പഠിക്കാന്‍ ചുമതലപ്പെട്ട കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു ജസ്റ്റിസ് സച്ചാര്‍. മഥുരയിലെ ഒരു കോളജില്‍ സംഘടിപ്പിച്ച അന്താരാഷ്‌ട്ര കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധികളെ കൂടാതെ കാനഡ, അഫ്‌ഘാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ജസ്റ്റിസ് സച്ചാറിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് നിരവധി അധ്യാപകരും പ്രതിനിധികളും പരിപാടി ബഹിഷ്‌കരിച്ചു.
“രാജ്യത്തെ ഏതാണ്ട് 95 ശതമാനം ബീഫ് വ്യാപാരികളും ഹിന്ദുക്കളാണ്. ദാദ്രിയില്‍ ഉണ്ടായ സംഭവം മനുഷ്യത്വവും മാനവികതയും മരിച്ചതാണ്. എന്തു കഴിക്കണം എന്ന കാര്യത്തില്‍ മതത്തിന് ഇടപെടേണ്ടതില്ല.” - ഇതായിരുന്നു ജസ്റ്റിസ് സച്ചാറിന്റെ പരാമര്‍ശം. തനിക്കും ബീഫ് കഴിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.