ബീഫ് നിരോധനത്തെക്കുറിച്ചു മിണ്ടിയാല്‍ തന്റെ ജോലി പോകുമെന്നു കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. താൻ അതിനെക്കുറിച്ച് സംസാരിക്കില്ലെന്നും തന്റെ പണി കളയാൻ താൽപര്യമില്ലെന്നും അദ്ദേഹം മുംബൈ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി സംസാരിക്കവെ പറഞ്ഞു.
ബീഫ് നിരോധനം രാജ്യത്തെ ഗ്രാമീണ -കാര്‍ഷിക സമ്പദ് വ്യവസ്ഥയെയും കര്‍ഷകരുടെ വരുമാനത്തെയും ദോഷകരമായി ബാധിച്ചോ എന്നായിരുന്നു വിദ്യാര്‍ഥികളുടെ ചോദ്യം. നല്ല ചോദ്യമാണിതെന്നും എന്നാല്‍ താന്‍ സത്യസന്ധമായി ഉത്തരം പറഞ്ഞാല്‍ ജോലി പോകുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്നുമായിരുന്നു അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ മറുപടി. ഈ ഉത്തരത്തിന് വലിയ കയ്യടിയാണ് അദ്ദേഹത്തിന് ലഭിച്ചത്.
സാമൂഹ്യ പ്രശ്‌നങ്ങളും അസ്വസ്ഥതകളും സാമ്പത്തിക വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും മതവും സംവരണവുമെല്ലാം സമൂഹത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ രാജ്യപുരോഗതിയെ ഗുണപരമായും ദോഷകരമായും ബാധിക്കുമെന്നും ഇതിനുള്ള ഉത്തമ ഉദാഹരണമാണ് ഇന്ത്യയെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
വാഷിംഗ്ടണിലെ പീറ്റേഴ്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റർനാഷണൽ എക്കണോമിക്‌സിൽ അദ്ധ്യാപകനായ അരവിന്ദ് സുബ്രഹ്‌മണ്യൻ 2014 ഒക്ടോബര്‍ മുതല്‍ അവധിയെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിക്കുകയാണ്. രഘുരാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി പോയ ഒഴിവിലാണ് അരവിന്ദ് സുബ്രഹ്മണ്യം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റത്.