പശു ഇറച്ചി കഴിച്ചുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ബിഷാദ ഗ്രാമത്തിൽഅഖ്‌ലാക്കിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രധാന പ്രതികള്‍ അറസ്റ്റിലായി. വിശാല്‍ റാണ, ശിവം കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. വിശാല്‍ റാണ എന്നയാളാണ് ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയതും മറ്റുള്ളവരെ അക്രമത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പൊലീസ് കരുതുന്നത്.
തിങ്കളാഴ്ച രാത്രിയാണ് പശുവിനെ മോഷ്ടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തിയശേഷം വീട്ടിൽ പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് ഒരു സംഘം ആളുകൾ മുഹമ്മദ് ഇഹ്‌ലാഖിയെന്ന മധ്യവയസ്കനെ അടിച്ചു കൊന്നത്. അക്രമത്തില്‍ ഇദ്ദേഹത്തിന്റെ മകനും പരിക്കേറ്റിരുന്നു. സംഭവം നടന്ന് അഞ്ച് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് പ്രധാന പ്രതികളെ പൊലീസ് പിടികൂടിയത്.