വീട്ടിലെ കക്കൂസ് മോഷണം പോയെന്ന്; അമ്മയുടെയും മകളുടെയും പരാതിയില്‍ പുലിവാല് പിടിച്ച് പൊലീസ്
വെള്ളി, 12 മെയ് 2017 (08:36 IST)
വീട്ടിലെ ശൗചാലയം മോഷണം പോയെന്ന പരാതിയുമായി സ്ത്രീകള്‍ രംഗത്ത്. ഛത്തിസ്ഗഡ് ബിലാസ്പുർ ജില്ലയിലെ അമർപുർ ഗ്രാമത്തിലെ ബേലഭായ് പട്ടേലും (70) അവരുടെ മകള്‍ ചൻഡയുമാണ് (45) സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിക്കു കീഴിൽ വീട്ടില്‍ സ്ഥാപിച്ച രണ്ട് ശൗചാലയങ്ങള്‍ മോഷണം പോയെന്നാണ് ഇവരുടെ പരാതി. ശൗചാലയം പണിതതിന്റെ ചിത്രങ്ങളും ബന്ധപ്പെട്ട രേഖകളും ഇവര്‍ പൊലീസിന് കൈമാറി.
അതേസമയം, അമ്മയുടെയും മകളുടെയും പരാതി വ്യാജമാണെന്നാണ് പ്രദേശത്തെ വിവരാവകാശ പ്രവർത്തകനായ സുരേന്ദ്ര പട്ടേൽ പറയുന്നത്. പണം തട്ടുന്നതിനായി പേപ്പറുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ശൗചാലയം നിര്‍മിച്ചത്. ഇതിന്റെ രേഖകള്‍ ചമച്ച് പണം തട്ടിയെടുക്കുന്നത് പരാതിക്കാരുടെ പതിവ് രീതിയാണെന്നും ഇയാള്‍ വ്യക്തമാക്കി.