കാലാവധി തീര്‍ന്ന് 24 മാസം പിന്നിടുന്ന സേവന-വേതന കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ബാങ്കിംഗ് മേഖലയില്‍ പണിമുടക്ക്. പൊതുമേഖല- സ്വകാര്യ-ഗ്രാമീണ ബാങ്കുകളിലെ പത്തുലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരുമാണ് യുണൈറ്റഡ് ഫോറം ബാങ്ക് യൂണിയന്‍സിന്റെ ആഹ്വാന പ്രകാരം പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഇന്നലെ നടന്ന ഉഭയകക്ഷി ചര്‍ച്ചകളിലും ചീഫ് ലേബര്‍ കമ്മിഷണര്‍ വിളിച്ചുകൂട്ടിയ അനുരഞ്‌ജന ചര്‍ച്ചകളിലും തീരുമാനമാകാത്തതിനെത്തുടര്‍ന്നാണ് പണിമുടക്ക്.
കാലാവധി കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ട ഉഭയകക്ഷി വേതന കരാര്‍ പരിഷ്കരിക്കുക എന്ന പ്രധാന ആവശ്യം ഉന്നയിച്ചാണു പണിമുടക്ക്. പത്തു ലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരുമാണ് ബുധനാഴ്ച പണിമുടക്കുന്നത്.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതിനു പിറകേ കേന്ദ്ര ലേബര്‍ കമ്മീഷണര്‍ വിളിച്ച അനുരഞ്ജന ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണു ബാങ്ക് യൂണിയനുകളുടെ ഐക്യവേദി പണിമുടക്കിനു ആഹ്വാനം നല്‍കിയിരിക്കുന്നത്.
25 ശതമാനം ശമ്പള വര്‍ദ്ധന വേണമെന്ന ആവശ്യത്തില്‍നിന്ന് 23 ശതമാനത്തിലേക്ക് താഴാന്‍ യൂണിയനുകള്‍ തയ്യാറായി. എന്നാല്‍ ബാങ്ക് ഉടമകള്‍ 11 ശതമാനം വര്‍ധന മാത്രമേ വരുത്തുകയുള്ളു എന്നാണു ശഠിച്ചത്. ഇതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.