Bank Holidays: മാര്‍ച്ച് 23, 24, 25 തിയതികളില്‍ ബാങ്ക് അവധിക്കു സാധ്യത. ബാങ്ക് പണിമുടക്ക് കൂടി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മൂന്ന് ദിവസം തുടര്‍ച്ചയായി ബാങ്ക് ഇടപാടുകള്‍ തടസപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നത്.
മാര്‍ച്ച് 23 ഞായറാഴ്ചയാണ്. മാര്‍ച്ച് 24, 25 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ ഒന്‍പത് യൂണിയനുകള്‍ ചേര്‍ന്ന് ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ ജീവനക്കാരെ നിയമിക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പ്രവൃത്തി ദിനങ്ങള്‍ അഞ്ച് ദിവസമാക്കി കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഈ പണിമുടക്ക് കാര്യമാകുകയാണെങ്കില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്കുകള്‍ പ്രവൃത്തിക്കില്ല. അതിനാല്‍ അത്യാവശ്യ ഇടപാടുകള്‍ ഈ ദിവസങ്ങള്‍ക്കു മുന്‍പ് പൂര്‍ത്തിയാക്കുന്നത് നല്ലതാണ്. അതേസമയം പണിമുടക്ക് പിന്‍വലിക്കാനോ അല്ലെങ്കില്‍ ശക്തമാകാതിരിക്കാനോ ഉള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
യുണൈറ്റഡ് ഫോറം ഫോര്‍ ബാങ്ക് യൂണിയന്‍സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഓള്‍ ഇന്ത്യ ബാങ്ക് എപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ്, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ നാഷണല്‍ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്, ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഗ്രസ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്സ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്സ് എന്നിങ്ങനെ ഒന്‍പത് സംഘടനകളാണ് യുണൈറ്റഡ് ഫോറം ഫോര്‍ ബാങ്ക് യൂണിയന്‍സില്‍ ഉള്‍പ്പെടുന്നത്.