രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍ കനയ്യയുടെ ജാമ്യാപേക്ഷ പരിഗണിച്ചില്ല; ജാമ്യഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും

Webdunia
വെള്ളി, 19 ഫെബ്രുവരി 2016 (18:57 IST)
രാജ്യദ്രോഹക്കുറ്റത്തിന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇന്നു സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍, ഹര്‍ജിയോടൊപ്പം സമര്‍പ്പിക്കേണ്ട ചില അധികരേഖകള്‍ സമര്‍പ്പിക്കാത്തതിനാലാണ് ഹര്‍ജി ഇന്ന് പരിഗണിക്കാതിരുന്നത്.
 
കനയ്യ കുമാറിന്റെ ജാമ്യഹര്‍ജി പരിഗണിക്കാന്‍ ഇന്നു രാവിലെ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ജാമ്യാപേക്ഷ ആദ്യം സമര്‍പ്പിക്കേണ്ടത് വിചാരണകോടതിയിലാണെന്ന കാരണം ചൂണ്ടിക്കാട്ടി ആയിരുന്നു സുപ്രീംകോടതി ഹര്‍ജി പരിഗണിക്കാതിരുന്നത്.
 
ഇതിനെ തുടര്‍ന്നാണ് കനയ്യ കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അതേസമയം, തിഹാര്‍ ജയിലില്‍ കഴിയുന്ന കനയ്യ കുമാര്‍ തന്റെ സുരക്ഷ ഉറപ്പു വരുത്താന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.