അഞ്ച് തവണയില്‍ കൂടുതല്‍ എടിഎം ഉപയോഗിച്ചാല്‍ ഓരോ ഇടപാടിനും 20 രൂപ; മറ്റ് സേവനങ്ങള്‍ക്കും സര്‍വീസ് ചാര്‍ജ് - കണ്ണടച്ച് കേന്ദ്രവും ആര്‍ബിഐയും

Webdunia
ചൊവ്വ, 3 ജനുവരി 2017 (15:52 IST)
കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയില്‍ നട്ടം തിരിഞ്ഞ ജനത്തെ കൊള്ളയടിക്കാന്‍ ബാങ്കുകള്‍ രംഗത്ത്. എടിഎം ഉപയോഗിക്കുന്നതിനും കാര്‍ഡുപയോഗിക്കുമ്പോഴുള്ള സര്‍വീസ് ചാര്‍ജിനും ഏര്‍പ്പെടുത്തിയിരുന്ന സൌജന്യ സേവനം ബാങ്കുകള്‍ അവസാനിപ്പിച്ചതോടെയാണ് ജനം വെട്ടിലായത്.

ഒരു മാസം അഞ്ചുതവണയില്‍ കൂടുതല്‍ മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിച്ചാല്‍ ഓരോ ഇടപാടിനും 20 രൂപ വീതം ഉപഭോക്‍താവിന് ഇനി നഷ്‌ടമാകും. ഡെബിറ്റ് കാര്‍ഡുപയോഗിച്ചുള്ള സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജും ബാങ്കുകള്‍ ഈടാക്കിത്തുടങ്ങി. എടിഎം ഫീ ഏര്‍പ്പെടുത്താനുള്ള അധികാരം ബാങ്കുകള്‍ക്കുള്ളതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ റിസര്‍വ് ബാങ്കിനും സാധിക്കാത്തതാണ് തിരിച്ചടിയാകുന്നത്.

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് മുമ്പ് എസ് ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ തുടങ്ങിയ ബാങ്കുകള്‍ അഞ്ചില്‍ കൂടുതല്‍ വരുന്ന എടിഎം ഇടപാടുകള്‍ക്ക് 15 രൂപ വീതമാണ് ഈടാക്കിയപ്പോള്‍ മറ്റ് ബാങ്കുകള്‍ 20 രൂപയുമാണ് വാങ്ങുന്നത്.

നോട്ട് അസാധുവാക്കലിന്റെ ബുദ്ധിമുട്ട് അവസാനിക്കാത്ത സമയത്തു തന്നെ ബാങ്കുകള്‍ എടിഎം ഫീ ഈടാക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ക്യാഷ്‌ലെസ് ഇക്കോണമി എന്ന ആശയത്തിന് തിരിച്ചടി നല്‍കും. രാജ്യത്തെ 20ശതമാനം എടിഎം മാത്രം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുന്ന ഈ സാഹചര്യത്തില്‍ എടിഎംഫീ ഈടാക്കുന്നത് ജനത്തിന് തിരിച്ചടിയാകും.
Next Article