അതിര്‍ത്തികള്‍ അടച്ച് അസമില്‍ പടയൊരുക്കം, സൈന്യം നടപടി തുടങ്ങി

Webdunia
ശനി, 27 ഡിസം‌ബര്‍ 2014 (12:25 IST)
അസമിലെ ബോഡോലാന്‍ഡ് തീവ്രവാദികളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി അയല്‍ രാജ്യങ്ങളായ ഭൂട്ടാ‍ന്‍, മ്യാന്മര്‍ എന്നിവരുടെ സഹായത്തോടെ കരസേന സൈനിക നടപടി തുടങ്ങി. തീവ്രവാദികള്‍ അതിര്‍ത്തി കടന്ന് രാജ്യത്ത് പ്രവേശിക്കാതിരിക്കാനായി അതിര്‍ത്തികള്‍ അടച്ച് കരുതലോടെയുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നത്. 
 
പ്രദേശത്ത് കരസേനയുടെ 60 കമ്പനിയെ വിന്യസിച്ച് കഴിഞ്ഞു. 70 സൈനികര്‍ വീതം അടങ്ങുന്നതാണ് ഓരോ കമ്പനിയും. സൈന്യത്തെ വിന്യസിച്ച പ്രദേശത്തു നിന്നും 25000 ആളുകളെ സംസ്ഥാന സര്‍ക്കാര്‍ അഭയാര്‍ഥി ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനിടെ ആഭ്യന്തരമന്ത്രാലയം മ്യാന്മറിന്റേയും ഭൂട്ടാന്റെയും ഭരണകൂടങ്ങളുമായി ചര്‍ച്ചനടത്തി പിന്തുണ ഉറപ്പാക്കി. ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് തോബ്‌ഗെയുമായി വിദേശകാര്യമന്ത്രി സുഷുമ സ്വരാജ് ആശയവിനിമയം നടത്തി.
 
തീവ്രവാദികള്‍ക്കെതിരെ പോരാടാന്‍ ഭൂട്ടാന്‍ സര്‍ക്കാര്‍ സഹായം വാഗ്ദാനംചെയ്തതായി വിദേശകാര്യമന്ത്രി സുഷമാസ്വരാജ് അറിയിച്ചു. സ്വന്തം മണ്ണില്‍നിന്ന് തീവ്രവാദികളെ തുരത്തുമെന്ന് മ്യാന്‍മറും ഉറപ്പുനല്‍കിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കരസേന മേധാവി ദല്‍ബീര്‍ സിങ് സുഹാഗ് ഉച്ചയോടെ ഗുവാഹട്ടിയിലെത്തും. സൈനിക നടപടിക്ക് ഒരുങ്ങുകയാണെന്ന് അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
 
അസമില്‍ സമാധാനമുറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കാന്‍ രാജ്‌നാഥ് സിങ് സുഹാഗിനോട് നിര്‍ദേശിച്ചിട്ടുണ്ട്. തീവ്രവാദികളോട് വിട്ടുവീഴ്ച വേണ്ട. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (എന്‍ഡിഎഫ്ബി.-സാങ്ബിജിത്) തീവ്രവാദികളുടെ സാന്നിദ്ധ്യമുള്ള അസം, അരുണാചല്‍പ്രദേശ്, മേഘാലയ സംസ്ഥാനങ്ങളില്‍ സൈനികസാന്നിധ്യം കൂട്ടാനും ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചു. 
 
ബോഡോ തീവ്രവാദികള്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ 78 പേരാണ് കൊല്ലപ്പെട്ടത്. ഇതോടെയാണ് ഇനി തീവ്രവാദികള്‍ക്കെതിരെ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്ക് കേന്ദ്രം എത്തിയത്. അസമിലെ സ്ഥിതിഗതികള്‍ രണ്ട് ദിവസം അവിടെ തങ്ങി വിലയിരുത്തിയ ശേഷം തിരിച്ചെത്തിയ ആഭ്യന്തരമന്ത്രി കരസേന മേധാവിയെ വിളിപ്പിച്ച് സൈനികനടപടിക്ക് നിര്‍ദേശിക്കുകയായിരുന്നു. കൂടാതെ സംസ്ഥാന സര്‍ക്കാരും സൈനിക സഹായം ആവശ്യപ്പെടുകയായിരുന്നു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.