അസഹിഷ്‌ണുത നിറഞ്ഞ രാജ്യമാകാന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്ന് ജെയ്‌റ്റ്‌ലി

Webdunia
ചൊവ്വ, 3 നവം‌ബര്‍ 2015 (16:54 IST)
അസഹിഷ്‌ണുത നിറഞ്ഞ രാജ്യമാകാന്‍ ഇന്ത്യയ്ക്ക് ഒരിക്കലും സാധിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി.  പ്രസ്താവനയിലാണ് അരുണ്‍ ജയ്‌റ്റ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അസഹിഷ്‌ണുതയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്‌ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ പദ്ധതി തയ്യാറാക്കിയിരിക്കേയാണ് ധനമന്ത്രിയുടെ പ്രസ്താവന.
 
ഇന്ത്യയ്ക്ക് ഒരിക്കലും അസഹിഷ്‌ണുത നിറഞ്ഞ രാജ്യമാകാന്‍ കഴിയില്ല. രാജ്യത്ത് എവിടെയാണ് അസഹിഷ്‌ണുത നിലനില്‍ക്കുന്നത്. രാജ്യത്ത് അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. അത്തരം സംഭവങ്ങളെ വലിയ പ്രശ്നമായി ഉയര്‍ത്തുന്നത് ശരിയല്ല. എവിടെയാണ് അസഹിഷ്‌ണുതയുള്ളതെന്ന് കോണ്‍ഗ്രസ് പറയണം എന്നും കോണ്‍ഗ്രസ് അടക്കമുള്ള മറ്റു പാര്‍ട്ടികള്‍ ഭരിച്ച സംസ്ഥാനങ്ങളിലാണ് ഇത്തരം സംഭവങ്ങളെല്ലാം ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
 
അസഹിഷ്‌ണുതയുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസിനെതിരെ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രംഗത്തെത്തിയിരുന്നു. 1984ലെ സിഖ് കലാപത്തിന്റെ നാണക്കേടില്‍ നിന്ന് തല ഉയര്‍ത്താന്‍ ഇപ്പോള്‍ അസഹിഷ്‌ണുതയുടെ പേരില്‍ വിമര്‍ശിക്കുന്ന കോണ്‍ഗ്രസിന് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.