ഐഫോൺ 7 എത്തുന്നു; വലിയ ക്യാമറയും, കിടിലൻ ഫീച്ചറുകളുമായി!

Webdunia
ചൊവ്വ, 15 മാര്‍ച്ച് 2016 (10:59 IST)
ആപ്പിൾ പുറത്തിറക്കുമെന്നു കരുതുന്ന ഏറ്റവും പുതിയ മോഡലായ ഐഫോൺ 7-ന്റെതെന്നു കരുതുന്ന ചില ചിത്രങ്ങൾ പുറത്ത്. ഈ ഫോണിനു പുതിയ ആന്റിന ഡിസൈനും വലുപ്പം കൂടിയ ക്യാമറയും ആയിരിക്കുമെന്നാണ് സൂചന. അടുത്ത കാലത്തായി നാലിഞ്ചു സ്ക്രീനുമായി എസ് ഇ എന്ന പേരിൽ വിലകുറഞ്ഞ ഐഫോൺ മോഡൽ പുറത്തിറക്കുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് ഐഫോൺ 7 നെക്കുറിച്ചുള്ള വാർത്തകൾ വെബ്സൈറ്റുകളിൽ പ്രചരിച്ചു തുടങ്ങിയത്.

ഫ്രാൻസ് കേന്ദ്രമായി പ്രവർത്തിക്കുന്ന നോവെയർ എൽസ് എന്ന വെബ്സൈറ്റാണ് പുതിയ ഐഫോൺ 7 -ന്റെതെന്ന അവകാശവാദവുമായി ഈ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. പഴയ ഐഫോൺ മോഡലുകളെ അപേക്ഷിച്ച് പുതിയ മോഡലിൽ കൂടുതൽ വലുപ്പമേറിയ പിൻക്യാമറയുണ്ടാകുമെന്നും പുറത്തായ ചിത്രം സൂചന നൽകുന്നു. വലുപ്പമേറിയ ക്യാമറാ ഹോളാണ് ചിത്രത്തിലുള്ളത്. കൂടുതൽ മികച്ച ക്യാമറ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. എഡ്ജിലാണ് പിൻക്യാമറ ഹോൾ. ഇത് ഇരട്ട ക്യാമറ ടെക്നോളജിയുമായെത്തുന്ന ഐഫോൺ 7 പ്രോയെ അപേക്ഷിച്ച് 7 മോഡലിൽ ഒരു ക്യാമറ മാത്രമേ ഉണ്ടാകൂ എന്ന സൂചനയാണ് നല്‍കുന്നത്‍. നേർരേഖയിലുള്ള ആന്റിന ലൈനുകൾ ചിത്രത്തില്‍ കാണാനില്ല. എന്നാൽ എഡ്ജിലായി ആന്റിന ബാൻഡ് നൽകിയിരിക്കുന്നതു കാണാനും കഴിയും. ഈ ചിത്രമനുസരിച്ച് പൂർണമായും പ്ലെയിനാണു ഫോണിന്റെ പിൻവശം.

ചിത്രത്തിൽ താഴ്ഭാഗം വ്യക്തമല്ലാത്തതിനാൽ 3.5 എംഎം ഹെഡ്ഫോൺ ജാക്ക് നൽകിയിട്ടുണ്ടോയെന്നു വ്യക്തമല്ല. എന്നാൽ നിലവിൽ ലഭ്യമായ മോഡലുകളെ അപേക്ഷിച്ച് കനംകുറഞ്ഞതായിരിക്കും പുതിയ മോഡലെന്നാണ് കരുതപ്പെടുന്നത്. അതേസമയം, ഈ ചിത്രങ്ങൾ കഴിഞ്ഞ ജനുവരിയിൽ പുറത്തായതാണെന്നും ഇവ പുതിയ ഐഫോൺ 7 മോഡലിന്റേതാണെന്ന് ഉറപ്പില്ലെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.