ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിസിഐ) പുതിയ പ്രസിഡന്റായി അനുരാഗ് ഠാക്കുറിനെ തെരഞ്ഞെടുത്തു. മുംബൈയില്‍ ചേര്‍ന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് സ്ഥാനമൊഴിഞ്ഞ ശശാങ്ക് മനോഹറിന്റെ പിൻഗാമിയായിട്ട് നാല്‍പ്പത്തിനാലുകാരനായ അനുരാഗിനെ തെരഞ്ഞെടുത്തത്. ബിസിസിഐയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റെന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കി. നിലവില്‍ ബിസിസിഐ സെക്രട്ടറിയായിരുന്നു ഠാക്കൂര്‍.
ആസാം, ബംഗാൾ, ത്രിപുര, ജാർഖണ്ഡ്, ദേശീയ ക്രിക്കറ്റ് ക്ലബ്ബ് എന്നിവയുടെ പിന്തുണയോടെയാണ് താക്കൂർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് സ്ഥാനത്തേക്ക് കിഴക്കൻ സോണിലുള്ള ആറ് ക്ളബ്ബുകളുടേയും പിന്തുണ ഠാക്കൂറിനായിരുന്നു.
ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂരില്‍നിന്നുള്ള ബിജെപി എംപി കൂടിയാണ് അനുരാഗ് ഠാക്കൂര്‍. അനുരാഗ് മാത്രമായിരുന്നു പ്രസിഡന്റ് പദവിയിലേക്കു മല്‍സരരംഗത്തുണ്ടായിരുന്നത്.
അനുരാഗ് പ്രസിഡന്റായപ്പോള്‍ ഒഴിവുവന്ന സെക്രട്ടറി പദവിയിലേക്കു മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അജയ് ഷിര്‍ക്കെ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ക്രിക്കറ്റ് ഭരണസമിതി ഉടച്ചുവാർക്കാനുള്ള ജസ്റ്റിസ് ലോധ സമിതിയുടെ ശുപാർശകൾ സുപ്രീംകോടതിയിൽ ബിസിസിഐയ്ക്കു തലവേദന സൃഷ്ടിക്കുന്ന വേളയിൽ ഏറ്റെടുക്കുന്ന പ്രസിഡന്റ് പദവി അനുരാഗിന് എളുപ്പമാവില്ലെന്നാണ് വിലയിരുത്തൽ.