ആന്ധ്രയിലെ വെടിവെപ്പ്: പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

Webdunia
ബുധന്‍, 15 ഏപ്രില്‍ 2015 (15:27 IST)
ആന്ധ്ര പ്രദേശിലെ ചിറ്റൂരിലെ വനത്തില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ 20 തൊഴിലാളികള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. തിരിച്ചറിഞ്ഞിട്ടില്ലാത്ത പൊലീസുകാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തതായി ആന്ധ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

സംഭവത്തില്‍ കൊലക്കുറ്റത്തിനു കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് ആന്ധ്ര ഹൈക്കോടതി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പരാതി നല്‍കിയാല്‍ 302മത് വകുപ്പു പ്രകാരം കൊലക്കുറ്റത്തിനു കേസെടുക്കാന്‍ നിര്‍ദേശം നല്‍കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

വനം കൊള്ളക്കാരെന്ന പേരില്‍ ഇരുപതോളം പേരെ വെടിവെച്ച് കൊന്നതായാണ് തമിഴ്‌നാടും മറ്റ് സംഘടനകളും ആരോപിക്കുന്നത്. ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. കമ്മിഷന്‍ അംഗങ്ങള്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.