ആനന്ദിബെൻ പട്ടേലിന്റെ രാജിക്ക് അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഗുജറാത്തിലെ പുതിയ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ നാളെ തീരുമാനമാകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ആനന്ദിബെന്നിനു പിൻഗാമിയായി ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ എത്തുമെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നും വെങ്കയ്യ പ്രതികരിച്ചു.
പുതിയ ഗുജറാത്ത് മുഖ്യമന്ത്രി ആരാകണമെന്ന കാര്യം തീരുമാനിക്കേണ്ടത് ഗുജറാത്ത് എം എൽ എമാർ ആണ്. ഇവരെ നിരീക്ഷകരായി ഗുജറാത്തിലേക്ക് അയക്കാനും ധാരണയായെന്നും വെങ്കയ്യ നായിഡു അറിയിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ബി ജെ പി പാർലമെന്ററി ബോർഡ് യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജിപ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഫേസ്ബുക്കിലൂടെ ആനന്ദിബെൻ രാജി സന്നദ്ധത അറിയിച്ചിരുന്നു. പ്രായം ചൂണ്ടിക്കാട്ടിയാണ് രാജിസന്നദ്ധത അറിയിച്ചത്. തനിക്ക് 75 വയസ് കഴിഞ്ഞെന്നും അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പിക്ക് പുതിയ മുഖം വേണമെന്നും ആനന്ദിബെൻ വ്യക്തമാക്കിയിരുന്നു.