ആമീര്‍ ഖാനും ഭാര്യയ്ക്കും ഇന്ത്യതന്നെയാണ് സുരക്ഷിതമായ ഇടം: തസ്ലിമാ നസ്രീന്‍
ചൊവ്വ, 24 നവംബര്‍ 2015 (16:49 IST)
ബോളീവുഡ് നടന്‍ ആമിര്‍ ഖാന്റെ അസഹിഷ്ണുതാ പ്രസ്താവനയോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് പ്രമുഖ ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമാ നസ്രീന്‍ രംഗത്ത്. ലോകത്ത് എല്ലായിടത്തും അസഹിഷ്ണുത ഉണ്ടെന്നും ആമിര്‍ ഖാനും ഭാര്യയ്ക്കും ഇന്ത്യ തന്നെയാണ് സുരക്ഷിതമായ ഇടമെന്നും തസ്ലിമ അഭിപ്രായപ്പെട്ടു. സ്വന്തം ട്വിറ്റര്‍ അക്കൌണ്ടില്‍ കൂടിയാണ് തസ്ലിമ ആമിര്‍ഖാനെതിരെ രംഗത്ത് വന്നത്.
താനും ഭാര്യയും രാജ്യം വിടാന്‍ ആലോചിക്കുന്നു എന്ന പ്രസ്താവനയോടാണ് തസ്ലിമാ പ്രതികരിച്ചത്. അതേസമയം ബോളിവുഡില്‍ നിന്നും വിമര്‍ശനവും അനുകൂല പ്രസ്താവനയും ആമിറെനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ബോളീവുഡ് അഭിനേതാക്കളും സംവിധായകരുമൊക്കെയായി വലിയൊരു നിര ആമിറിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
രവീണാ ടണ്ടണ്‍, അനുപം ഖേര്‍, രാം ഗോപാല്‍ വര്‍മ്മ, ഋഷീ കപൂര്‍ എന്നിവരാണ് ആമീര്‍ ഖാനെതിരെ രംഗത്ത് വന്നത്. മോഡിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കാത്തവര്‍ സ്വന്തം രാജ്യത്തെ നാണം കെടുത്തുകയാണെന്നും രവീണ പറഞ്ഞു. മുംബൈ ഭീകരാക്രമണം നടന്നപ്പോള്‍ ഇല്ലാത്ത ഭയം ഇപ്പോഴെങ്ങനെ ഉണ്ടായെന്നും രവീണ ചോദിക്കുന്നു.
ഒരാളോട് വ്യക്തി വിദ്വേഷം ഉണ്ടെങ്കില്‍ അത് തുറന്ന് പറയണം അല്ലാതെ രാജ്യത്തെ നാണം കെടുത്തുകയല്ല വേണ്ടതെന്നും രവീണ പ്രതികരിച്ചു. അതേസമയം സമൂഹം തെറ്റായ രീതിയിലാണ് പോകുന്നതെങ്കില്‍ അത് തിരുത്താന്‍ ശ്രമിക്കാതെ അതില്‍ നിന്ന് ഓടിയൊളിക്കുന്നത് ഹീറോയിസമല്ലെന്നും ഇത് ആമീറും ഭാര്യയും മനസിലാക്കണമെന്നും ഋഷികപൂര്‍ പറഞ്ഞു.
മറ്റേതൊരു രാജ്യത്തേക്കാളും സഹിഷ്ണുത ഉള്ള രാജ്യമാണ് ഇന്ത്യയെന്നും ഇവിടെ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ മറ്റേത് രാജ്യത്തേക്കാണ് പോകേണ്ടതെന്ന് ആമിര്‍ഖാന്‍ പറഞ്ഞുതരണമെന്ന് രാം ഗോപാല്‍ വര്‍മ്മയും അഭിപ്രായപ്പെട്ടു.