ചലച്ചിത്ര താരം ആമിര്‍ ഖാനെ താന്‍ ഒറ്റുകാരനെന്ന് വിളിച്ചിട്ടില്ലെന്നും ഇനി ഒരിക്കലും അങ്ങനെ വിളിക്കുകയില്ലെന്നും ബി ജെ പി എം പി മനോജ് തിവാരി. ബി ജെ പി പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തില്‍ മനോജ് തിവാരി, ആമിറിനെ ‘ഒറ്റുകാരന്’ എന്ന് വിളിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആമിര്‍ ഖാനെ ടൂറിസം അംബാസഡർ സ്ഥാനത്തു നിന്നും മാറ്റിയ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച പാർട്ടിയുടെ പാർലമെൻററി സ്റ്റാൻഡിങ് കമ്മറ്റി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍, മനോജ് തിവാരി ആമിര്‍ ഖാനെ ‘ഒറ്റുകാരന്’ എന്നു വിളിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍, ആ രീതിയില്‍ വന്ന മാധ്യമവാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും താനൊരിക്കലും ഇത്തരം ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ഇനി നടത്തുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി ഇത്തരമൊരു വാര്‍ത്ത നല്കിയ പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.