പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ചുനിൽക്കുന്നു, ഇന്ത്യ വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ല: ആമിര്‍ഖാന്‍

Webdunia
ബുധന്‍, 25 നവം‌ബര്‍ 2015 (19:12 IST)
അസഹിഷ്ണുതയ്ക്കെതിരെ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതയും താനും ഭാര്യയും ഇന്ത്യ വിടില്ലെന്നും ബോളിവുഡ് താരം ആമിർ ഖാൻ. ആമിറിന്റെ വാക്കുകള്‍ വിവാദമായ പശ്ചാത്തലത്തിലാണ് താരം പ്രസ്താവന നടത്തിയത്.

 ഒരിന്ത്യക്കാരനെന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഇന്ത്യയില്‍ ജനിക്കാനായതില്‍ ഞാന്‍ ഭാഗ്യം ചെയ്തവനാണ്. ഇന്ത്യ എന്റെ രാജ്യമാണ്.ഇവിടെ താമസിക്കുന്നതിന് എനിക്ക് ആരുടെയും അനുവാദം ആവശ്യമില്ല. അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ചുനിൽക്കുന്നു. സത്യം തുറന്നു പറഞ്ഞതിന്റെ പേരിലാണ് നിങ്ങൾ എനിക്കെതിരെ മോശം വാക്കുകൾ പറയുന്നത്.

ഞാന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് വേദനയോടെ ഇന്ന് തിരിച്ചറിയുന്നു. തന്റെ അഭിമുഖത്തിലെ വാക്കുകൾ ബോധപൂർവം വളച്ചൊടിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ അരുൺ ജയ്റ്റ്ലി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പങ്കെടുത്ത രാമനാഥ് ഗോയങ്കെ അവാർഡ്ദാന ചടങ്ങിനിടെയാണ് ആമിർ ഖാൻ രാജ്യത്തെ അരക്ഷിതാവസ്ഥയെക്കുറിച്ചു പ്രതികരിച്ചത്.

അതേസമയം, രാജ്യദ്രോഹ കുറ്റത്തിന് ആമിർ ഖാനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കാൺപൂർ കോടതിയിൽ ഹർജി ഫയൽ ചെയ്തു. അഭിഭാഷകനായ മനോജ് കുമാറാണ് ഹർജി ഫയൽ ചെയ്തത്. ഡിസംബർ ഒന്നിന് കോടതി വാദം കേൾക്കും.