ഡെങ്കിപ്പനി ബാധിച്ച് ഡല്‍ഹിയില്‍ ആറു വയസ്സുകാരന്‍ മരിച്ചു. അമന്‍ എന്ന കുട്ടിയാണ് മരിച്ചത്. അസുഖബാധിതനായ കുട്ടിയെ ആദ്യം സഫ്‌ദര്‍ജംഗ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്നും എന്നാല്‍ അവര്‍ അഡ്‌മിറ്റ് ചെയ്യാന്‍ തയ്യാറായില്ലെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ ഡെങ്കിപ്പനി ബാധിച്ച് ഏഴു വയസ്സുകാരന്‍ മരിച്ചിരുന്നു. അസുഖം ബാധിച്ച മകനെ രക്ഷിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഈ കുട്ടിയുടെ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്ത് ഒരാഴ്ച കഴിയുമ്പോഴാണ് വീണ്ടും മറ്റൊരു കുട്ടിയുടെ മരണം കൂടി ഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, ഡല്‍ഹിയില്‍ ഡെങ്കിപ്പനി ബാധിച്ച് ഇതുവരെ ഒമ്പതുപേര്‍ മരിച്ചതായാണ് കണക്കുകള്‍. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കനത്ത ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. 1800 പേര്‍ക്ക് ഡെങ്കി ബാധിച്ചതായി ആരോഗ്യവകുപ്പും റിപ്പോര്‍ട്ട് ചെയ്തു.
ആശുപത്രികളില്‍ 1000 കിടക്കകള്‍ അധികമായി സജ്ജമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. അവധിയില്‍ പോയ സര്‍ക്കാര്‍ ഡോക്ടര്‍മാരോട് ഉടന്‍ ലീവ് റദ്ദാക്കി തിരിച്ചുവരാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു കട്ടിലില്‍ രണ്ടുപേരെ കിടത്തി ചികിത്സിക്കേണ്ടി വന്നാലും ഡെങ്കിപ്പനി ബാധിച്ച് എത്തുന്നവരെ തിരിച്ച് അയയ്ക്കരുതെന്നാണ് നിര്‍ദ്ദേശം.