പോത്തിറച്ചി കയറ്റുമതിക്കാരില്‍ നിന്ന് ബിജെപി വാങ്ങിയത് രണ്ടരക്കോടി

Webdunia
ബുധന്‍, 16 ഡിസം‌ബര്‍ 2015 (11:28 IST)
പശുവിന്റെയും പോത്തിന്റെയും വില്‍പ്പനയും മാംസ കയറ്റുമതിയും തടയുമെന്ന് ആവര്‍ത്തിച്ച് പറയുന്ന ബിജെപി  
പോത്തിറിച്ചി കയറ്റുമതി ചെയ്യുന്ന കമ്പനികളില്‍ നിന്ന് സംഭാവന സ്വീകരിച്ചതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കില്‍ 2.5 കോടി രൂപയാണ് ഇതുവഴി ബിജെപി സംഭാവനയെന്ന പേരില്‍ വാങ്ങിയത്.

അല്ലാനസണ്‍സ് ലിമിറ്റഡിന്റെ ഉപകമ്പനികളായ ഇന്‍ഡാര്‍ഗോ ഫുഡ്‌സ് ലിമിറ്റഡ്, ഫ്രിഗോറിഫിക്കോ അല്ലാന ലിമിറ്റഡ്, ഫ്രിഗേറിയോ കോണ്‍വേര്‍വ അല്ലാന ലിമിറ്റഡ് എന്നീ കമ്പനികളാണ് സംഭാവനയായി ബിജെപിക്ക് പണം നല്‍കിയത്. വിജയ ബാങ്ക് മുഖേനയാണ് ഈ നാല് പണമിടപാടുകളും നടന്നിട്ടുള്ളത്. 2014-15 കാലത്ത് ഫ്രിഗോറിഫിക്കോ അല്ലാന മറ്റൊരു 50 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്.

2014-15 കാലത്ത് മാത്രം ബി.ജെ.പിക്ക് സംഭാവനയായി ആകെ ലഭിച്ചത് 437.35 കോടി രൂപയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലഘട്ടത്തിലാണ് ഈ പണമിടപാടുകള്‍ നടന്നത്. 20,000 രൂപയ്ക്ക് മുകളില്‍ ലഭിക്കുന്ന സംഭാവനകളുടെയെല്ലാം കണക്ക് ഹാജരാക്കണമെന്ന് പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ കണക്കില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.