കസബ് ബിരിയാണി ആവശ്യപ്പെട്ടിട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടറിന്റെ വെളിപ്പെടുത്തല്‍

Webdunia
ശനി, 21 മാര്‍ച്ച് 2015 (14:09 IST)
മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബ് വിചാരണയ്ക്കിടെ ജയിലില്‍ മട്ടണ്‍ ബിരിയാണി ആവശ്യപ്പെട്ടെന്ന വാര്‍ത്ത വ്യാജമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍.  കസബിന് അനുകൂലമായി പൊതുജനവികാരമുയരുന്നത് തടയിടാനുള്ള തന്ത്രമായിരുന്നു തന്റെ പരാമര്‍ശമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം പറഞ്ഞു.ജെയ്പൂരില്‍ തീവ്രവാദ വിരുദ്ധ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
 
കസബ് ബിരിയാണി ആവശ്യപ്പെട്ടിട്ടില്ലെന്നും സര്‍ക്കാര്‍ കസബിനു ബിരിയാണി നല്‍കിയിട്ടുമില്ലെന്നും ഉജ്വല്‍ നിഗം പറഞ്ഞു. വിചാരണ കാലയളവില്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ കസബിനെ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം വിചാരണയ്ക്ക് ഹാജരാക്കിയപ്പോള്‍ കസബ് കോടതിക്ക് മുന്നില്‍ വച്ച് കരഞ്ഞിരുന്നു. അന്ന് ഒരു രക്ഷാബന്ധന്‍ ദിനമായിരുന്നു. അതിനാല്‍ അന്ന് തന്‍റെ സഹോദരിയെ ഓര്‍ത്തിട്ടാണ് കസബ് കരഞ്ഞതെന്നും. 
 
തുടര്‍ന്ന് കസബ് തീവ്രവാദിയാണോ അല്ലയോ എന്ന രീതിയില്‍ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സജീവമായെന്നും ഇത്തരത്തിലുള്ള വൈകാരിക തരംഗം ഒഴിവാക്കാനാണ് താന്‍ കസബ് മട്ടണ്‍ ബിരിയാണ് ആവശ്യപ്പെട്ടു എന്ന തരത്തില്‍ പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. തന്റെ പരാമര്‍ശത്തെത്തുടര്‍ന്ന് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ അവസാനിച്ചെന്നും തീവ്രവാദിയായ ഒരാള്‍ ജയിലില്‍ മട്ടന്‍ ബിരിയാണി ആവശ്യപ്പെടുന്നു എന്നരീതിയിലാണ് പിന്നീട് ചര്‍ച്ച നടന്നതെന്നും ഉജ്വല്‍ പറഞ്ഞു.